ഇന്ധനവില : വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കി
പാലക്കാട്
പെട്രോൾ, ഡീസൽവില വർധന കഞ്ചിക്കോട് വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. പെട്രോളിയം ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായ പെയിന്റ് കമ്പനികൾ മുതൽ എഴുന്നൂറോളം കമ്പനികളെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഞ്ച് പെയിന്റ് നിർമാണ കമ്പനികളാണ് കഞ്ചിക്കോട്ടുള്ളത്.
പെട്രോളിന്റെ വിലക്കയറ്റം മൂലം പെയിന്റിന്റെ വില ഗണ്യമായി ഉയർന്നു. ഒരു ലിറ്ററിന് 50 മുതൽ 100 രൂപവരെയാണ് വർധിച്ചിരിക്കുന്നത്. ലോക്ഡൗണിനൊപ്പം പെട്രോളിന്റെ വിലക്കയറ്റംകൂടി വന്നതോടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന പകുതിയായി . പെട്രോളോ, ഡീസലോ അസംസ്കൃത വസ്തുവാകുന്ന കമ്പനികൾ അഞ്ചെണ്ണമേ ഉള്ളുവെങ്കിലും ഇന്ധന വിലവർധന എല്ലാ കമ്പനികളെയും ബാധിച്ചിട്ടുണ്ട്. കമ്പനികളുടെ അസംസ്കൃത വസ്തുക്കൾ എത്തിക്കാനുള്ള ചെലവ് ഇരട്ടിയായി.
മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് ഭൂരിഭാഗം കമ്പനികളും അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നത്. ഇതിന്റെ ലോറി വാടക ഇരട്ടിയായി വർധിച്ചു. എണ്ണവില 100 കടന്നതോടെ ലോറിവാടക ഇനിയും ഉയർത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇനിയും വാടക കൂട്ടിയാൽ പല കമ്പനികളും പ്രവർത്തനം നിർത്തേണ്ടിവരും.
വ്യവസായ മേഖലയിൽനിന്ന് ഉൽപ്പന്നങ്ങൾ കൊണ്ടുപോകുമ്പോഴുള്ള ചെലവും വർധിച്ചിട്ടുണ്ട്. ഇതോടെ പ്രതീക്ഷിച്ച വിപണിയും കിട്ടുന്നില്ല. ആകെയുള്ള എഴുന്നൂറോളം കമ്പനികളിലും ജനറേറ്ററുണ്ട്. വൈദ്യുതി തടസ്സപ്പെട്ടാൽ നേരത്തേ ജനറേറ്ററാണ് പ്രവർത്തിക്കുക. ഡീസൽവില ഉയർന്നതോടെ വൈദ്യുതി തടസ്സപ്പെടുമ്പോൾ ഉൽപ്പാദനം നിർത്തുകയാണ്. അതാണ് കൂടുതൽ ലാഭമെന്നും ഉടമകൾ പറയുന്നു. മഴക്കാലമായതോടെ വൈദ്യതിത്തൂണുകൾ പൊട്ടിയും കമ്പികൾ പൊട്ടിവീണും വൈദ്യുതി തടസ്സമുണ്ടാകാൻ സാധ്യതയുണ്ട്.
ഇക്കാലയളവിൽ വ്യവസായ മേഖല കൂടുതൽ പ്രതിസന്ധിയിലാകും.
പ്രതിസന്ധി രൂക്ഷമാകും
കോവിഡ് കാലത്ത് ഇത്തരത്തിലുള്ള ഇന്ധനവില വർധന പ്രതിസന്ധി രൂക്ഷമാക്കും. എല്ലാ കമ്പനികളെയും നേരിട്ടോ, അല്ലാതെയോ ബാധിക്കുന്ന വിഷയമാണ്. ഗതാഗത ചെലവ് കൂടുമെന്നതാണ് പ്രധാന പ്രശ്നം.
ആർ കിരൺകുമാർ
(സെക്രട്ടറി, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം)