പാലക്കാട്
മുൻഗണനാ റേഷൻ കാർഡുകളുള്ള അനർഹരായ ഉപഭോക്താക്കൾ 30നകം പൊതുവിഭാഗത്തിലേക്ക് മാറണം. അല്ലാത്തവർക്കെതിരെ പിഴ ചുമത്തുമെന്ന് സിവിൽ സപ്ലൈസ് വിഭാഗം മുന്നറിയിപ്പ് നൽകി.
കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ അതത് താലൂക്ക്, സപ്ലൈ ഓഫീസുകളിലേക്ക് അപേക്ഷകർ റേഷൻ കാർഡിന്റെ പേജ് സ്കാൻ ചെയ്ത് ഇ- മെയിൽ ചെയ്യണം. അല്ലെങ്കിൽ താലൂക്ക് ഓഫീസിലോ റേഷൻകട ഉടമയെയോ സമീപിച്ചും മാറ്റാം. മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചവർക്ക് വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കും. അനർഹമായി വാങ്ങിയ ഓരോ കിലോഗ്രാം അരിക്കും 40 രൂപയാണ് പിഴ. ഗോതമ്പിന് കിലോഗ്രാമിന് 29 രൂപ, പഞ്ചസാരയ്ക്ക് 35 രൂപ, മണ്ണെണ്ണ ലിറ്ററിന് 71 രൂപയും ഈടാക്കും. ഏതു ദിവസം മുതലാണോ അനർഹമായി ഭക്ഷ്യധാന്യം വാങ്ങിയതെന്ന് കണ്ടെത്തി അന്നുമുതലുള്ള തുക ഈടാക്കും. ജില്ലയിൽ ആകെ 7,79,354 റേഷൻ കാർഡുകളാണുള്ളത്.
എഎവൈ, മുൻഗണനാ കാർഡിന് അർഹതയില്ലാത്തവർ
- സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ, സഹകരണ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ.
- ആദായ നികുതി അടക്കുന്നവർ.
- പ്രതിമാസ വരുമാനം 25,000 രൂപയ്ക്ക് മുകളിലുള്ളവർ.
- സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗം ഒഴികെ).
- സ്വന്തമായി 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീട്, ഫ്ലാറ്റ് ഉള്ളവർ.
- നാലുചക്ര വാഹനം സ്വന്തമായുള്ളവർ (ഏക ഉപജീവന മാർഗമായ ടാക്സി ഒഴികെ)
- കുടുംബത്തിൽ ആർക്കെങ്കിലും വിദേശ ജോലിയിൽനിന്നോ സ്വകാര്യ ജോലിയിൽനിന്നോ 25,000 രൂപയിലധികം പ്രതിമാസ വരുമാനമുള്ളവർ