മ്ലാവിന്റെ തലയും ആന്തരികാവയവങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
നെന്മാറ : മാംസം എടുത്ത് തലയും ആന്തരിക അവയവങ്ങളും ഉപേക്ഷിച്ച നിലയിൽ മ്ലാവിന്റെ ജഡം കണ്ടെത്തി. വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. നെല്ലിയാമ്പതി വനം റേഞ്ചിൽ പെട്ട പോത്തുണ്ടി സെക്ഷനിലെ തളിപ്പാടത്തിനടുത്ത് പോത്തുണ്ടി ഇടതുകര കനാലിന് മുകളിൽ വനമേഖലയിലാണ് അവശിഷ്ടം കണ്ടെത്തിയത്. വനംവകുപ്പിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെന്മാറ വനം റേഞ്ച് ഓഫീസർ കൃഷ്ണദാസിനെ നേതൃത്വത്തിൽ പോത്തുണ്ടി സെക്ഷൻ ജീവനക്കാരും മറ്റം സ്ഥലം സന്ദർശിച്ചു മഹസർ തയ്യാറാക്കി. അവശിഷ്ടങ്ങൾ പോത്തുണ്ടി മൃഗാശുപത്രിയിൽയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം കുരുക്കു വെച്ചതാണോ വെടി വെച്ചതാണോ എന്ന് വ്യക്തമായിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തിൽ മാംസഭുക്കുകളുടെ ആക്രമണത്തിലല്ല മാൻ ചത്തത് എന്നും വ്യക്തമാക്കുന്നതായി വനം ജീവനക്കാർ പറഞ്ഞു. ജഡാവശിഷ്ടം കിടന്ന സ്ഥലത്തുനിന്ന് രക്തവും മനുഷ്യർ നടന്ന കാൽപ്പാടുകളും അന്വേഷണത്തിൽ കണ്ടെത്തി. 4 വയസ്സിനുമേൽ പ്രായമുള്ള ആൺ മ്ലാവിന്റെ കൊമ്പോടുകൂടിയ അറുത്തുമാറ്റിയ തലയും ആന്തരിക അവയവങ്ങളും മറ്റുമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. മാംസമായി ഉപയോഗിക്കാവുന്ന ഭാഗങ്ങൾ മാത്രമാണ് കൊണ്ടുപോയിട്ടുള്ളതെന്ന് നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസർ പറഞ്ഞു . നെല്ലിയാമ്പതി വനം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് കരിമ്പാറ, ചാത്തമംഗലം, പോത്തുണ്ടി, ഒലിപ്പാറ ഭാഗങ്ങളിൽ രാത്രി സഞ്ചരിച്ച വാഹനങ്ങളുടെ വിശദ വിവരം അന്വേഷിച്ചു തുടങ്ങി. മാൻ കൂട്ടം സ്ഥിരമായി സമീപത്തെ ജലസേചന കനാലിലും താഴെയുള്ള കുളത്തിലെയും വെള്ളം കുടിക്കാൻ കാട്ടിൽ നിന്നും വരുന്ന സ്ഥിരം വഴിക്ക് സമീപമാണ് ജഡാ അവശിഷ്ടങ്ങൾ കണ്ടത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഇതിനു സമീപത്തുള്ളള കനാലിൽ ഒഴുക്കിൽപ്പെട്ട് ഷട്ടറിൽ കുടുങ്ങി ഗർഭിണിയായ ഒരു മ്ലാവ് ചത്തിരുന്നു.
വനത്തിനുള്ളിൽ അറുത്തുമാറ്റിയ തലയും ആന്തരീകാവയവങ്ങളും മാംസം എടുത്തശേഷം ഉപേക്ഷിച്ച നിലയിൽ.