പാലക്കാട്
കോവിഡുമായി ബന്ധപ്പെട്ട നടത്തുന്ന ഡി ഡിമ്മർ പരിശോധനയിൽ ജില്ലയിലെ സ്വകാര്യ ലാബിൽ വീഴ്ചയെന്ന് ആക്ഷേപം. പാലക്കാട് നഗരത്തിലെ ലാബിലാണ് പരിശോധനയിൽ വലിയ പിഴവുണ്ടായത്. കോവിഡ് ബാധിച്ചവർക്ക് രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഡി ഡിമ്മർ പരിശോധന നടത്തുന്നത്.
ലാബിൽ നടത്തിയ പരിശോധനയിൽ രക്തം കട്ടപിടിക്കാത്ത രോഗിക്കും കാര്യമായ രീതിയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നാണ് ഫലം ലഭിച്ചത്. ഈ റിപ്പോർട്ട് അനുസരിച്ച് രോഗി 21 തവണ ഇഞ്ചക്ഷൻ എടുക്കുകയും മരുന്ന് കഴിക്കുകയും ചെയ്തു. തുടർന്ന് രോഗിക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. തുടർന്ന് മറ്റ് രണ്ട് ലാബുകളിൽ നടത്തിയ പരിശോധനയിൽ രക്തം കട്ടപിടിച്ചിട്ടില്ലെന്ന് കണ്ടെത്തി.
ലാബിലെ ഗുരുതര പിഴവിനെതിരെ രോഗി നേരിട്ടെത്തി പരാതി പറഞ്ഞു. പരിശോധന ഉപകരണം കേടായതാണ് ഫലം തെറ്റാൻ കാരണമെന്നാണ് ലാബിന്റെ വിശദീകരണം.









