നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപവും തിയേറ്ററും ഉടൻ ഉണ്ടാക്കുമോ?
സുദേവൻ നെന്മാറ
നെന്മാറ∙ പഞ്ചായത്ത് കല്യാണ മണ്ഡപവും തിയേറ്റർ കെട്ടിടം നിർമാണവും തിരഞ്ഞെടുപ്പിൽ കുടുങ്ങി കിടക്കുകയാണ്. കെ. ബാബു എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 3.35കോടി രൂപയിൽ ആദ്യഘട്ടമായി അനുവദിച്ച 2കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായെങ്കിലും അടുത്ത ഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ കരാർ നടപടികളാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിലച്ചത്. നാലുനില വരെ ഉയർത്താൻ കഴിയുന്നവിധം 62 തൂണുകളുടെ നിർമാണമാണ് നടന്നുവരുന്നത്. 500പേർക്ക് ഇരിക്കാവുന്ന10,000 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിൽ രണ്ടാംനിലയിൽ ഹാൾ കൂടാതെ താമസിക്കാനുള്ള മുറികളും മുകൾ ഭാഗത്ത് മിനി തിയേറ്ററുകളുടെ നിർമാണവും പദ്ധതിയിലുണ്ട്. ഭക്ഷണപ്പുരയും അടുക്കളയും ഹാളുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. കരാർ എടുത്തശേഷം നിർമാണ സാമഗ്രികളുടെ വില വർധന കരാർ ഉടമയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 2022 വരെ കാലാവധി ഉണ്ടെങ്കിലും കരാർ നടപടികൾ ശരിയാക്കിയാൽ ഒരു മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാകുമെന്ന് നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നവർ പറഞ്ഞു. നെന്മാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വക്കാവ് റോഡിൽ ഉപയോഗശൂന്യമായി കിടന്ന 55 സെന്റ് സ്ഥലത്തുണ്ടായിരുന്ന പഴയ മണ്ഡപം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്.










