നെന്മാറ.കാക്കയൂർ കോവിഡ് ബാധിതനായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കയൂർ വാരിയത്തുകളം കമ്മാന്തറയിൽ ചന്ദ്രന്റെയും ശെൽവിയുടെയും മകൻ സന്ദീപിനെ (23) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 12 മണിയോടെയാണു സംഭവം.
മലമ്പുഴയിലെ സ്വകാര്യ ലഹരി വിമുക്തി കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന യുവാവിനെ കഴിഞ്ഞ 26ന് വയറിളക്കവും ഛർദിയും ഉണ്ടായതിനെത്തുടർന്നു പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ കാക്കയൂരിലെ വീട്ടിലേക്കു മാറിയ സന്ദീപ് 14 ദിവസത്തെ നിരീക്ഷണത്തിൽ ഇരിക്കുന്നതിനിടെയാണ് 12ാം ദിവസം തൂങ്ങി മരിച്ചത്. ട്രാക്ടറിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ: സജിത്.










