വാഹന അപകടത്തെ തുടർന്ന് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ചിറ്റൂർ കൊള്ളുപറന്പ് ഗോപിക്ക് സഹായ ഹസ്തവുമായി എം.എ.പ്ലൈ ഫൗണ്ടേഷൻ.
പത്തുവർഷങ്ങൾക്കുമുന്പ് തമിഴ്നാട്ടിൽ നിന്ന് ഉണ്ടായ ഒരു അപകടമാണ് ഗോപിയെ വീൽചെയറിൽ എത്തിച്ചത്. അപ്രതീക്ഷിതമായ അപകടം ശരീരത്തെ തളർത്തിയെങ്കിലും ഉപജീവനത്തിനായ് മനസ് തളരാതെ കടലാസ് പേനകൾ ഉണ്ടാക്കി വിൽപ്പന നടത്തി കുടുംബത്തെ സംരക്ഷിക്കാൻ സ്വയം വരുമാനമാർഗ്ഗം കണ്ടെത്തുകയായിരുന്നു ഇദ്ദേഹം.
ഇപ്പോൾ കൊറോണ വ്യാപനവും ലോക്ക് ഡൗണ്‍ മൂലവും ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുന്ന മനോവേദനയിൽ ഫേസ്ബുക്കിൽ കൊടുത്ത ഒരു പോസ്റ്റ് ആണ് പുതിയ വഴിത്തിരിവായത്. ‘എന്നെപ്പോലെത്തന്നെ ഞാൻ ഉണ്ടാക്കിയ പ്രകൃതിസൗഹൃദ പേനകളും നാലുചുവരുകൾക്കുള്ളിലായി….. ഇനിയും എത്രകാലം’. ഇതാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. ഫേസ്ബുക്കിലെ പോസ്റ്റ് കാണാനിടയായ എം.എ.പ്ലൈ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ നിഖിൽ കൊടിയത്തൂർ ഗോപിയെ വിളിച്ച് ആശ്വസിപ്പിക്കുകയും നിർമ്മാണം പൂർത്തിയായി വിൽപന നടത്താൻ പറ്റാത്ത 500 പേനകൾ ഒന്നിച്ചുവാങ്ങിച്ച് ഗോപിക്ക് മനക്കരുത്ത് പകരുകയായിരുന്നു.
അപകടങ്ങൾ തളർത്തി വീടുകളിൽ കിടപ്പിലായവർക്ക് ജീവിതഭാരം ലഘൂകരിക്കാൻ ഒട്ടേറെ പുനരധിവാസ പദ്ധതികൾക്ക് തുടക്കം കുറിച്ച എം.എ പ്ലൈ ഫൗണ്ടേഷന്റെ മറ്റൊരു ഇടപെടലായി ഇത്.
ഫൗണ്ടേഷന്റെ സപ്പോർട്ട് ആൻഡ് കെയർ ഫോർ ആക്സിഡന്റ് വിക്റ്റിംസ് (സ്കാവ്)ന്റെ ഗുണാഭോക്താക്കളിൽ ഒരാളായിരുന്നു ഗോപി.
പേന വാങ്ങിക്കാൻ ഗോപിയുടെ ചിറ്റൂരിലെ വീട്ടിൽ എത്തിയ സന്നദ്ധ പ്രവർത്തകർ ഭക്ഷ്യധാന്യകിറ്റും അരിസഞ്ചിയും സമ്മാനമായി നൽകി.










