പാലക്കാട്.ആലത്തൂർ ദിവസങ്ങളായിത്തുടരുന്ന മഴ പച്ചക്കറിക്കൃഷിക്കും തിരിച്ചടിയായി. ഒരാഴ്ചയായി ഇടവിട്ടും കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായും മഴപെയ്തതോടെയാണ് പാടങ്ങളിൽ വെള്ളക്കെട്ടുമൂലം പച്ചക്കറിച്ചെടികൾ നശിച്ചത്.
വീടുകളോടുചേർന്നുള്ള നെൽപ്പാടങ്ങളിലാണ് ആലത്തൂർമേഖലയിലെ കർഷകർ വേനൽക്കാല പച്ചക്കറിക്കൃഷി ചെയ്യുന്നത്. ഫെബ്രുവരി അവസാനത്തോടെ രണ്ടാംവിള നെൽക്കൃഷിയുടെ കൊയ്ത്ത് കഴിയുന്നതോടെയാണ് ട്രാക്ടറുപയോഗിച്ച് പൂട്ടിമറിച്ച് പാടത്ത് തടമെടുത്ത് പയർ, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ കൃഷിയിറക്കുന്നത്.
പരിമിത തോതിൽ ജലസേചനമാവശ്യമുള്ള കൃഷിയായതിനാൽ ഏപ്രിൽ അവസാനത്തോടെ വിളവെടുക്കാൻ കഴിയുന്ന രീതിയിലാണ് മിക്ക കർഷകരും പച്ചക്കറിക്കൃഷി ചെയ്യുന്നത്. മേയ് മാസം ആദ്യത്തോടെ വിളവെടുപ്പുനടത്തി ഒന്നാംവിള നെൽക്കൃഷിചെയ്യാൻ കഴിയുന്ന രീതിയിലാണ് പച്ചക്കറിക്കൃഷി ചെയ്യുന്നത്. എന്നാൽ, ഇത്തവണ വേനൽമഴ നേരത്തേതന്നെ സജീവമാകുകയും അടുത്തദിവസങ്ങളിലായി മഴ ശക്തമാവുകയും ചെയ്തതോടെ പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയത് കൃഷിക്ക് തിരിച്ചടിയായത്. വെള്ളം കെട്ടിനിന്നതോടെ വേരുകൾ ചീഞ്ഞുപോവുകയും ഇലകൾക്ക് മഞ്ഞളിപ്പ് ബാധിക്കയും ചെയ്തു.










