കളിക്കുന്നതിനിടെ മൊബൈൽ ബാറ്ററിയിൽ നിന്നു പുകയും ശബ്ദവും; പരുക്കേൽക്കാതെ 5 വയസ്സുകാരി
പൈലിപ്പുറത്ത് കരിഞ്ഞ മൊബൈൽ ബാറ്ററി.
പാലക്കാട് കൊപ്പം ∙ കളിക്കുന്നതിനിടെ മൊബൈൽ ബാറ്ററിയിൽ നിന്നു പുകയും ശബ്ദവും. ഉടൻ താഴെയിട്ട് ഓടിയതിനാൽ അഞ്ചു വയസ്സുകാരി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറം പട്ടന്മാരുതൊടി നൗഷാദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒൻപതിനാണു സംഭവം.
മേശപ്പുറത്തു വച്ച മൊബൈൽ ബാറ്ററി എടുത്ത് ഇളയ മകൾ ഫാത്തിമ മിന്ന കളിക്കുന്നതിനിടെ ആദ്യം പുക വന്നു. ഇതോടെ കുട്ടി ഭയന്ന് അടുത്ത മുറിയിലേക്ക് ഓടി. ശബ്ദവും പുകയും ദുർഗന്ധവും കൂടി ബാറ്ററി വീടിനകത്തു കിടന്നു കറങ്ങിത്തെറിച്ചതോടെ സമീപത്തുണ്ടായിരുന്ന ഉമ്മയും സഹോദരന്മാരും പേടിച്ചു പുറത്തേക്കിറങ്ങി. വലിയ ശബ്ദം കേട്ടു നൗഷാദും ഇറങ്ങിയോടി.
ബാറ്ററിയിൽ നിന്നു രണ്ടു മിനിറ്റോളം പുകയും ശബ്ദവും ഉയർന്നു.രണ്ടു വർഷം മുൻപു തിരൂരിലെ മൊബൈൽ കടയിൽ നിന്നാണു മൊബൈൽ വാങ്ങിയത്. കേടായതിനാൽ ഒരു മാസം മുൻപ് ഉപേക്ഷിച്ച ബാറ്ററി കുട്ടികൾ കളിക്കാൻ ഉപയോഗിക്കാറുണ്ട്. ഇന്നലെ കളിക്കുന്നതിനിടെയാണു ബാറ്ററിയിൽ നിന്ന് അസാധാരണ ശബ്ദവും പുകയും ഉണ്ടായതെന്നു നൗഷാദ് പറഞ്ഞു.