തുടർച്ചയായ മൂന്നാംദിവസവും ജില്ലയിലെ വാക്സിൻ വിതരണം പ്രതിസന്ധിയിൽ. വാക്സിനേഷനായി പതിനായിരങ്ങൾ കാത്തു നിൽക്കുമ്പോഴും ജില്ലയിൽ ആവശ്യത്തിന് വാക്സിൻ ഇല്ല. അവശേഷിച്ച 1,500 ഡോസ് കോവാക്സിൻ തിങ്കളാഴ്ച ഉച്ചയോടെ വിതരണം ചെയ്തു. തിങ്കളാഴ്ച ജില്ലയിൽ 5,000 ഡോസ് കോവിഷീൽഡ് എത്തി. രണ്ടുദിവസത്തിനകം ഇത് വിതരണം ചെയ്യും. ചൊവ്വാഴ്ച 28 കേന്ദ്രങ്ങളിലാണ് വിതരണം. രണ്ടുദിവസത്തിനകം കൂടുതൽ വാക്സിൻ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ആവശ്യത്തിന് വാക്സിൻ ഇല്ലാത്തതിനാൽ ആരോഗ്യപ്രവർത്തകരും ആശങ്കയിലാണ്. വാക്സിൻ വിതരണകേന്ദ്രങ്ങളിലെത്തി ജനങ്ങൾ ബഹളമുണ്ടാക്കുന്ന സ്ഥിതിയുണ്ട്. വാക്സിൻ കുറവായതിനാൽ തിങ്കളാഴ്ച ജില്ലാ ആശുപത്രിയിൽ ആളുകൾ ബഹളമുണ്ടാക്കി. കേന്ദ്രസർക്കാർ വാക്സിൻ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.