പാലക്കാട്കോവിഡ് രണ്ടാംവരവ് തീവ്രമായിരിക്കെ ജില്ലയിലെ 34 പഞ്ചായത്തിലും നാല് നഗരസഭകളിലുമായി 97 കണ്ടെയ്ൻമെന്റ് സോണുകൾ. കൂടാതെ പൂക്കോട്ടുകാവ് പഞ്ചായത്തിലെ പരിയാനംപറ്റ വില്ലേജ് ഓഫീസുമുതൽ ക്ഷേത്രം വരെയുള്ള പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിൽ പത്താം വാർഡ് കൂരിമുക്ക് ചേറുംപാടം കോളനി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടു. പാലക്കാട് നഗരസഭാ പരിധിയിൽമാത്രം 20 വാർഡ് കണ്ടെയ്ൻമെന്റ് സോണിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് പാലക്കാട് നഗരസഭാ പ്രദേശത്താണ്.കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. പ്രദേശങ്ങളിൽ പൊലീസ് പരിശോധന ശക്തമാണ്. അനാവശ്യമായി കറങ്ങിനടക്കുന്നവരെ മടക്കി അയക്കുന്നു. കടകളിലും മറ്റ് സ്ഥാപനങ്ങളിലും ശാരീരിക അകലം ഉറപ്പാക്കാൻ ശക്തമായ നടപടിയുണ്ട്. ആവശ്യമെങ്കിൽ ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഉൾപ്പെടെ നടപ്പാക്കാൻ കലക്ടർക്ക് അധികാരമുണ്ട്.