പാലക്കാട്കോവിഡിന്റെ രണ്ടാംതരംഗം കടുത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിൽ പരിശോധന ശക്തമാക്കി പൊലീസും ആരോഗ്യവകുപ്പും. വാഹനപരിശോധന ഊർജിതമാക്കാനും വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെ പരിശോധിക്കാനുമാണ് തീരുമാനം. അതത് സ്റ്റേഷൻപരിധിയിൽ വിവിധ സ്ക്വാഡുകളായാണ് പരിശോധന. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500രൂപ പിഴ ഈടാക്കും. മാസ്ക് താടിക്കിട്ടാലും പിഴയിടും. നഗരത്തിലെ പ്രധാനവസ്ത്രശാലകൾക്കുസമീപം ആളുകൾ കൂട്ടംകൂടിനിൽക്കരുതെന്ന് നിർദേശം നൽകി. വിഷുവിന് വസ്ത്രശാലകളിൽ തിരക്കുണ്ടാവുകയാണെങ്കിൽ വരിനിർത്തി കയറ്റണമെന്ന് പൊലീസ് സ്ഥാപനയുടമകളെ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലും നിയന്ത്രണമുണ്ട്.