പാലക്കാട് കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയ മുന്‍ എംഎല്‍എ എവി ഗോപിനാഥ് വിശ്വസ്തരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച്ച 3-30 നാണ് മണ്ഡലത്തിലെ തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചിരിക്കുന്നത്. ഗോപിനാഥ് പാര്‍ട്ടിയില്‍ തുടരുമോയെന്ന കാര്യം യോഗത്തില്‍ തീരുമാനമാകും.
‘കോണ്‍ഗ്രസില്‍ നില്‍ക്കാനും അവസാനം വരെ തുടരാനും ആഗ്രഹമുണ്ട്. പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. സമയമായി എന്ന തോന്നലാണ് എനിക്കുള്ളത്. എന്തായാലും ഞാന്‍ എന്റെ പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. അത് ഇനി എടുക്കാനുള്ളൊരു ആള് വേണം. ബാക്കി തയ്യാറെടുപ്പുകളെല്ലാം നടത്തി കൊണ്ടിരിക്കുകയാണ്.’ എവി ഗോപിനാഥ് പ്രതികരിച്ചു.