കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ വിമത ഭീഷണി ഉയരുന്നിടങ്ങളിലേക്ക് തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ച് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെ പാലക്കാട് നിന്നും മാറ്റാനുള്ള ആലോചനകള്‍ നടന്നുവരികയാണ്. പാലക്കാട് മണ്ഡലത്തിലെ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ആശങ്ക അറിയിച്ചതിനെത്തുടര്‍ന്നാണ് അപ്രതീക്ഷിത നീക്കം. ഷാഫി പറമ്പിലിനെ മാറ്റി പകരം പാലക്കാട് സീറ്റിലേക്ക് എവി ഗോപിനാഥിനെ കൊണ്ടുവരാനാണ് പദ്ധതി.
എ വി ഗോപിനാഥ് വിമത ഭീഷണിയുയര്‍ത്തി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അനുനയത്തിനായുള്ള പുതിയ നീക്കം. ഷാഫി പറമ്പിലിന് പട്ടാമ്പി നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്. പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഷാഫിയ്ക്ക് വലിയ തോതില്‍ ഇല്ലെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. പാലക്കാട് സീറ്റ് നഷ്ടപ്പെടുത്തുന്നതിലേക്ക് വിമത നീക്കങ്ങളെത്തരുതെന്നാണ് പാര്‍ട്ടി പരിഗണിക്കുന്നത്.
എന്നാല്‍ പാലക്കാട് നിന്നും ഷാഫിയെ മാറ്റുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഷാഫി പറമ്പില്‍ നേരിട്ടെത്തി. ഇത് സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന എവി ഗോപിനാഥ് താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി.