പാലക്കാട്: ന്യൂഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി സംയുക്ത കര്‍ഷകസമിതി ഭാരവാഹികളും പ്രവര്‍ത്തകരും ഇന്ന് നിരാഹാര സത്യഗ്രഹം തുടങ്ങി.
കര്‍ഷക ദ്രോഹബില്ലുകള് പിന്‍വലിച്ച് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും, സമരവേദിയില്‍ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കമെന്നും ആവശ്യപ്പെട്ടാണ് സംയുക്ത കര്‍ഷകസമിതി നേതാക്കള്‍ സത്യഗ്രഹം തുടങ്ങിയത്. മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ച ദിനത്തില്‍ നടക്കുന്ന നിരാഹാര സത്യഗ്രഹം കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വി രാമകൃഷ്ണന് അഞ്ചുവിളക്കിന് മുന്നില്‍ ഉദ്ഘാടനം ചെയ്തു.
സംയുക്ത കര്‍ഷകസമിതി ജില്ലാ ചെയര്മാന് ജോസ് മാത്യൂസ് അധ്യക്ഷത വഹിച്ചു.
കിസാന്‍സഭ കുഴല്‍മന്ദം മണ്ഡലം സെക്രട്ടറി ശിവപ്രസാദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ സംയുക്ത കര്‍ഷകസമിതി കണ്‍വീനര്‍ എ എസ് ശിവദാസ്, എ ഭാസ്ക്കരന്‍, രവീന്ദ്രന് ചിറയ്ക്കല്‍, പ്രീത കുഴല്‍മന്ദം, എസ് സഹദേവന് എന്നിവര്‍ സംസാരിച്ചു.
ഇന്ന് വൈകിട്ട് നടക്കുന്ന സത്യഗ്രഹ സമാപനയോഗം കിസാന്‍സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു സംസാരിക്കുമെന്നും തുടര്‍ന്ന് നാരങ്ങാനീര് നല്കി സത്യഗ്രഹ സമരം സമാപിക്കുമെന്നും സംയുക്ത കര്‍ഷകസമിതി ഭാരവാഹികള്‍ അറിയിച്ചു.