പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി ജനുവരി 20 ന് ആരംഭിക്കും.
ആറു നില വീതമുള്ള മൂന്ന് കെട്ടിടങ്ങൾ അടങ്ങുന്നതാണ് ഒ.പി ബ്ലോക്ക്. ഇതിലെ ടവർ രണ്ട് കെട്ടിടമാണ് ജനുവരി 20 ന് തുറക്കുക. പീഡിയാട്രിക്, ഗൈനക്കോളജി, സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഒ.പി ആദ്യഘട്ടം ആരംഭിക്കും. ബാക്കി മാർച്ച് 30 നകം പൂർത്തിയാക്കാനാകും. കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതിനനുസരിച്ചു ഒ.പി യുടെ എണ്ണം വർധിപ്പിക്കും.
അത്യാധുനിക മൾട്ടി സ്പെഷ്യലിറ്റി ഒ.പി ആണ് മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലാണ് ഒ.പി കെട്ടിടം. ഇതിനു പുറമെ ഓപ്പറേഷൻ തിയറ്ററും വാർഡുകൾക്കുമായി പ്രത്യേക കെട്ടിടവും ഒരുക്കും. രാജ്യത്തെ ഒന്നാം നിര ആശുപത്രികളിൽ മാത്രമുള്ള ഒന്നാം നിര ട്രോമ കെയറിന്റെ നിർമ്മാണവും പുരോഗമിക്കുന്നു.
പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ 559 കോടി ചെലവിലാണ് മെഡിക്കൽ കോളേജ് ഉയരുന്നത്. ആശുപത്രി ബ്ലോക്ക് നിർമ്മിക്കാൻ മാത്രം 330 കോടി രൂപയാണ് ചെലവ്. അക്കാദമിക് ബ്ലോക്ക്, പ്രധാന ബ്ലോക്ക്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ, ചുറ്റുമതിൽ, ഭൂഗർഭ ജലസംഭരണി എന്നിവയുടെ നിർമ്മാണം പൂർത്തിയായി. കെട്ടിടത്തിൻറെ സിവിൽ ജോലികൾ അവസാനഘട്ടത്തിലാണ്.