സപ്ലൈകോ വഴി സബ്സിഡി
ക്രിസ്മസ് വിപണി
പാലക്കാട്
കോവിഡ് കാലത്തെത്തിയ ക്രിസ്മസ് വിലക്കയറ്റമില്ലാതെ ആഘോഷിക്കാം. റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണത്തിനൊപ്പം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. സപ്ലൈകോ വഴിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. ഇതിനുള്ള ക്രമീകരണം പൂർത്തിയായി.
ജില്ലയിലെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 16 അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ക്രിസ്മസിന് മുന്നോടിയായി റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം തുടരുകയാണ്. ഇതിനൊപ്പം സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്.
തെരഞ്ഞെടുപ്പും കോവിഡും മൂലം സപ്ലൈകോയിൽ കാര്യമായ തിരക്ക് ഇതുവരെ ഉണ്ടായില്ല. തിങ്കളാഴ്ചമുതൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. കോവിഡ് മാർഗനിർദേശം പാലിച്ച് തിരക്ക് ഒഴിവാക്കി സാധനങ്ങൾ നൽകാനുള്ള ക്രമീകരണം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ പൂർത്തിയായി. സാനിറ്റൈസർ നൽകിയാണ് ഓരോരുത്തരെയും അകത്തേക്ക് കടത്തുക. മാസ്ക് നിർബന്ധമാണ്.
റേഷൻകാർഡുമായി എത്തുന്നവർക്കാണ് സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുക. സബ്സിഡിയുള്ള 16 അവശ്യസാധനങ്ങൾക്ക് പുറമെ കേക്കും മറ്റ് എല്ലാതരം സാധനങ്ങളും ഓരോ ഔട്ട്ലെറ്റിലും ക്രമീകരിച്ചിട്ടുണ്ട്.
ആഘോഷ നാളുകളിൽ വിലക്കയറ്റം ഒഴിവാക്കാൻ കൂടുതൽ പച്ചക്കറികൾ സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങി. കൂടുതൽ ചരക്കുലോറികൾ എത്തുന്നതോടെ പച്ചക്കറി വിലയും കുറയും