പാലക്കാട്
അടയ്ക്കാപുത്തൂർ ശബരി പിടിബിഎസ്എച്ച്എസ്എസിനു മുന്നിൽ നിർമിച്ച ഇന്ത്യനൂർ ഗോപി സ്മാരക സഭാമന്ദിരം വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഭാരതപ്പുഴ സംരക്ഷണ സമിതി നേതാവുമായിരുന്ന ഇന്ത്യനൂർ ഗോപിയുടെ അഞ്ചാം ചരമ വാർഷികത്തിലാണ് സഭാമന്ദിരം തുറക്കുന്നത്.
നിർധന കുടുംബങ്ങൾക്ക് വിവാഹച്ചടങ്ങുകളും മറ്റും നടത്താനും സാമൂഹ്യസംഘടനകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് സെമിനാറുകൾ, പൊതുയോഗങ്ങൾ, ക്യാമ്പുകൾ എന്നിവ നടത്താനും സഹായകരമാകുന്നതാണ് സഭാമന്ദിരം. അടയ്ക്കാപുത്തൂർ ഹൈസ്കൂളിന്റെ സ്ഥാപകൻ പുളിയക്കോട്ട് കുട്ടികൃഷ്ണമേനോന്റെ സ്മരണയ്ക്കായി നിർമിച്ച മിനി ആംഫി തിയറ്ററും വെള്ളിയാഴ്ച നാടിന് സമർപ്പിക്കും.
അടയ്ക്കാപുത്തൂർ ഹൈസ്കൂളിന്റെ കെട്ടിടനിർമ്മാണത്തിൽ പങ്കുവഹിച്ച വിശ്വകർമജ കുടുംബങ്ങളുടെ പിന്മുറക്കാരും അടയ്ക്കാപുത്തൂർ നാട്ടുപൊലിമയുടെ മുതിർന്ന കലാകാരന്മാരും ചേർന്ന് രാവിലെ 10.30ന് മന്ദിരവും ആംഫി തിയറ്ററും ഉദ്ഘാടനം ചെയ്യും. ഗൂഗിൾ മീറ്റിൽ ഭാരതപ്പുഴ സംരക്ഷണസമിതി സെക്രട്ടറി സി രാജഗോപാലൻ ഇന്ത്യനൂർ ഗോപി സ്മാരക പ്രഭാഷണം നടത്തും. ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ പ്രസിദ്ധീകരണം ‘തെളിനിള’ ചടങ്ങിൽ പ്രകാശിപ്പിക്കും.