ശസ്ത്രക്രിയ നടത്താൻ ആയുർവേദ പി.ജി ഡോക്ടർമാർക്ക് അനുമതിനൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലയിൽ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ നടത്തിയ പണിമുടക്ക് പൂർണ്ണം.
രാവിലെ 6 മണിമുതൽ വൈകീട്ട് 6മണിവരെ ഒ പി പ്രവർത്തനം നിർത്തിവെച്ച് നടത്തിയ സമരം രോഗികളെ വലച്ചു. അനുഭാവം പ്രകടിപ്പിച്ച് ഡെന്റൽ ക്ലിനിക്കുകളും പ്രവർത്തിച്ചില്ല.
ജില്ലാശുപത്രിയിൽ സമരം അറിയാതെ നിരവധി രോഗികൾ ചികിത്സ തേടി രാവിലെ എത്തിയപ്പോഴാണ് പണിമുടക്കാണെന്ന് അറിഞ്ഞത്. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അതേ സമയം ഒ പിയിൽ ചികിത്സ മുടങ്ങിയെങ്കിലും അത്യാഹിത വിഭാഗത്തിൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ പരിശോധന നടത്തിയെന്ന് ജില്ലാശുപത്രി അധികൃതർ പറഞ്ഞു.