പാലക്കാട്.മംഗലം ഡാം: നാല് പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്ന മംഗലം ഡാം ഉറവിടമാക്കിയുള്ള കുടിവെള്ള പദ്ധതിക്കായി പൈപ്പുകൾ എത്തിത്തുടങ്ങി. ഡാമിലെ പ്രധാന ടാങ്കിൽനിന്ന് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പൈപ്പുകളാണ് എത്തുന്നത്.
പഞ്ചായത്തുകളിലെ ഏറ്റവും ഉയർന്ന സ്ഥലങ്ങളിലാണ് ടാങ്കുകൾ നിർമിക്കുക. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര എന്നീ നാല് പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. പ്രതിദിനം ആളോഹരി 100 ലിറ്റർ ശുദ്ധജലം ലഭ്യമാകും. 1,53,350 പേർക്ക് വെള്ളമെത്തുമെന്നാണ് കണക്ക്.
പദ്ധതിക്കാവശ്യമായ പ്രധാന ജലസംഭരണിയുടെയും ജല ശുദ്ധീകരണ ശാലയുടെയും നിർമാണ പ്രവൃത്തികൾ ഡാമിലെ നക്ഷത്ര ബംഗ്ലാക്കുന്നിൽ 80 ശതമാനവും പൂർത്തിയായി.