ഒറ്റപ്പാലം
കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന എൽഡിഎഫ് സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരാത്തതിനാലാണ് അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ ക്ഷണിച്ചത്. ലൈഫ്, കിഫ്ബി പദ്ധതികളെ അന്വേഷിക്കാൻ എന്ത് അവകാശമാണുള്ളത്. ഇത് ഭരണഘടനാവിരുദ്ധമാണ്. വികസന –- ക്ഷേമപ്രവർത്തനങ്ങളിൽ എൽഡിഎഫ് സർക്കാർ മുന്നിലാണ്. വിവാദവിഷയങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഏതുവിധത്തിലും എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
ബിജെപി- – യുഡിഎഫ് – ജമാഅത്തെ ഇസ്ലാംമുന്നണി ഉണ്ടാക്കി മത്സരിക്കുകയാണ്. ഇത് ഇവരുടെ അണികൾക്കുതന്നെ അസംതൃപ്തിയുണ്ടാക്കുന്നു. തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. കൃഷിക്കാരെ ഇല്ലായ്മ ചെയ്യാനുള്ള നിയമമാണ് മോഡിസർക്കാർ നടപ്പാക്കുന്നത്. കർഷകർ സമരംചെയ്ത് ഡൽഹി കീഴടക്കി. ഇതിന് ഐക്യദാർഢ്യവുമായി കേരള സർക്കാർ മാത്രമാണ് മുന്നോട്ടു വന്നത്–- മന്ത്രി പറഞ്ഞു.
പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം ഹംസ, ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ രാമചന്ദ്രൻ, സി വിജയൻ എന്നിവർ സംസാരിച്ചു.
സിപിഐ എം ലോക്കൽ സെക്രട്ടറി എ പി എം റഷീദ് സ്വാഗതവും എൻസിപി ജില്ലാകമ്മിറ്റി അംഗം ടി ഇബ്രാഹിം നന്ദിയും പറഞ്ഞു.
എൽഡിഎഫ് മണ്ണൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. എസ് ജെ എൻ നജീബ് അധ്യക്ഷനായി.