മണ്ണുമൂടി നശിച്ച മീങ്കര കനാൽ സർക്കാർ വകുപ്പുകളുടെ ഇടപെടലിൽ വീണ്ടെടുത്തതോടെ പെരുവെമ്പ് പഞ്ചായത്തിലെ 500 ഏക്കറോളം നെൽപ്പാടങ്ങളിൽ വെള്ളമെത്തി. ജലസേചനം കാര്യക്ഷമമല്ലാത്തതിനാൽ ഉണക്കഭീഷണി നേരിട്ട അത്തിയമ്പാടം, പനംകുറ്റി – -1, പനംകുറ്റി – -2 വാഴക്കോട്, വേമ്പത്ത് പാടശേഖരങ്ങളിലെ കൃഷിയിടങ്ങളിലാണ് കനാൽ വീണ്ടെടുപ്പിലൂടെ ജലമെത്തിച്ചത്. ജലവിഭവവകുപ്പ്, കൃഷി വകുപ്പ്, പെരുവെമ്പ് പഞ്ചായത്ത്, പാടശേഖരസമിതികൾ, ഹരിതകേരളം മിഷൻ എന്നിവ കൈകോർത്താണ് ജനകീയപ്രശ്നത്തിന് പരിഹാരം കണ്ടത്.
മീങ്കരയിൽനിന്നുള്ള വെള്ളമാണ് ഈ മേഖലയിലെ നെൽകൃഷിക്ക് പ്രധാനമായും ഉപയോഗിച്ചിരുന്നത്. പിന്നീട് മണ്ണും കുറ്റിച്ചെടികളും നിറഞ്ഞ് കനാൽ നശിച്ചു. ഇതോടെ, വെള്ളം പുതുനഗരത്ത് വെച്ച് തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ പെരുവെമ്പിലെ കർഷകർ പ്രതിസന്ധിയിലായി. ചിറ്റൂർ പുഴ കനാലിൽനിന്നുമുള്ള വെള്ളം മാത്രമായി ആശ്രയം. പല പാടശേഖരങ്ങളിലേക്കും ചിറ്റൂർ പുഴ കനാലിൽനിന്നും വെള്ളമെത്തിക്കാൻ സൗകര്യമില്ല. ചെറിയ ചാലുകളിലൂടെയാണ് പലരും വെള്ളമെത്തിച്ചത്.
ഇതിലൂടെ പരിമിതമായേ ലഭിക്കൂ. വെള്ളം തടഞ്ഞ് കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടുന്നത് കർഷകർക്കിടയിൽ തർക്കത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് പെരുവെമ്പ് പഞ്ചായത്തും കൃഷി ഭവനുംചേർന്ന് കനാൽ വീണ്ടെടുപ്പിന് മുൻകൈ എടുത്തത്.