അട്ടപ്പാടിയിലെ യുവാക്കളെ പോലീസുകാരാക്കാൻ വനംവകുപ്പ്
മുക്കാലി എം.ആർ.എസ്സിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പോലീസ് കോൺസ്റ്റബിൾ രണ്ടാംഘട്ട പ്രത്യേക നിയമനത്തിനുള്ള ഉദ്യോഗാർഥികൾക്ക് കായികപരിശീലനം നൽകുന്നു
അഗളി: പോലീസ് കോൺസ്റ്റബിൾ രണ്ടാംഘട്ട പ്രത്യേകനിയമനത്തിനുള്ള ഉദ്യോഗാർഥികൾക്ക് വനംവകുപ്പിന്റെ പരിശീലനം. മുക്കാലി എം.ആർ.എസ്സിലാണ് രണ്ടാഴ്ചയായി കായികക്ഷമതാപരിശീലനം നടക്കുന്നത്. ഇവർക്കുള്ള പി.എസ്.സി.യുടെ കായികക്ഷമതാ പരിശോധന ചൊവ്വാഴ്ചമുതൽ വെള്ളിയാഴ്ചവരെ മട്ടത്തുകാട്ട് നടക്കും.
ഉണർവ് യുവജന കൂട്ടായ്മയുമായി ചേർന്നാണ് ഗോത്രവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വനംവകുപ്പ് കായികക്ഷമതാപരിശീലനം നൽകിയത്. അട്ടപ്പാടിയിൽ വനാതിർത്തിയോടുചേർന്ന് കഴിയുന്ന പ്രാക്തന ഗോത്രവിഭാഗമായ കുറുംബ ആദിവാസി ഉദ്യോഗാർഥികൾക്കാണ് പി.എസ്.സി.യുടെ പ്രത്യേക നിയമനം. ജില്ലയിൽ പുരുഷൻമാർക്ക് 17 ഒഴിവും വനിതകൾക്ക് എട്ട് ഒഴിവുമാണുള്ളത്. 118 പുരുഷൻമാരും 54 വനിതകളുമാണ് അട്ടപ്പാടി ബ്ലോക്കിൽനിന്ന് അപേക്ഷിച്ചിരിക്കുന്നത്.
യാത്രാസൗകര്യമില്ലാത്തതിനാൽ ഉദ്യോഗാർഥികൾക്ക് ഐ.ടി.ഡി.പി.യുടെ നേതൃത്വത്തിൽ ഭൂതിവഴി, അഗളി ട്രൈബൽ ഹോസ്റ്റലുകളിൽ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഹോസ്റ്റലിലെത്തുന്ന ഉദ്യോഗാർഥികൾക്ക് കോവിഡ് പരിശോധന നടത്തും. മലപ്പുറം, വയനാട് ജില്ലകളിലും പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ പി.എസ്.സി. പ്രത്യേക നിയമനം നടത്തുന്നുണ്ട്.