• തിരുമിറ്റക്കോട്ട് മണലെടുപ്പ് തടയാനായി പുഴയുടെ തീരത്ത് സ്ഥാപിച്ച കോൺക്രീറ്റ് ബീം ഇളക്കിവെച്ച നിലയിൽ
പാലക്കാട്: അർധരാത്രി. ഇരുട്ടുപടർന്ന നിളയോരത്ത് ചെന്നാൽ മണൽകടത്തുന്നവരെ കാണാം. തിരുമിറ്റക്കോട് മേഖലയിൽ പുഴയോടുചേർന്ന ഭാഗങ്ങളിലും അനധികൃത കടവുകളിലും മണൽകടത്ത് തകൃതിയായി നടക്കും. പുഴയിൽ വെള്ളം താഴ്ന്നതോടെ മണൽകടത്ത് എളുപ്പവുമായി. അനധികൃത കടവുകളിൽനിന്നെടുക്കുന്ന മണൽ ചാക്കുകളിലാക്കി റോഡിലേക്ക് കൊണ്ടുവരും. ഈ മണൽ വാഹനങ്ങളിൽ നിറച്ചാണ് കടത്തുന്നത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ അമ്പലംകടവ്, പമ്പ്ഹൗസ് എന്നിവിടങ്ങളിലാണ് മണൽകടത്തൽ തകൃതി.
റോഡിലെത്തിക്കുന്ന മണൽ ഗുഡ്‌സ് ഓട്ടോകളിലും യാത്രയ്ക്ക് ഉപയോഗിക്കുന്ന ഓട്ടോകളുടെ സീറ്റ് എടുത്തുമാറ്റിയുമാണ് കൊണ്ടുപോകുന്നത്. ഇരുചക്രവാഹനങ്ങളുടെ സീറ്റിനുമുകളിൽ ചെറിയ മണൽച്ചാക്കുകളാക്കിയും കൊണ്ടുപോകുന്നുണ്ട്. പുഴയോടുചേർന്ന പറമ്പുകളിൽ ജെ.സി.ബി. ഉപയോഗിച്ച് വഴിയുണ്ടാക്കി പുതിയകടവുകൾ നിർമിച്ചും മണലെടുപ്പ് നടത്തുന്നു. മണൽ രാത്രി അനധികൃത കടവുകളിൽനിന്ന് ശേഖരിച്ചശേഷം ഒഴിഞ്ഞസ്ഥലങ്ങളിൽ സൂക്ഷിക്കും. പിന്നീട് സ്വകര്യവാഹനങ്ങളിൽ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകും. തിരുമിറ്റക്കോട് പമ്പ്ഹൗസിന് സമീപത്തായി വാഹനങ്ങൾ പുഴയിലേക്കിറക്കുന്നത് തടയാൻ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളിലൊരെണ്ണം ഇളകിയ അവസ്ഥയിലാണ്. കോൺക്രീറ്റ് കാലിന് ഇളക്കം സംഭവിച്ച ഭാഗത്തായി, പുഴയുടെ സമീപം സമാന്തരമായി ഒരു വഴിയും മണൽകടത്തുകാർ നിർമിച്ചിട്ടുണ്ട്.