എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ
മണ്ണാർക്കാട്:ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന 1:30, 1:35 അധ്യാപക വിദ്യാർത്ഥി അനുപാതം അട്ടിമറിച്ച് 2016 മുതൽ നിയമന നിരോധനം നടപ്പാക്കിയ എൽഡിഎഫ് സർക്കാർ നടപടി അവസാനിപ്പിച്ച് മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്തെ എല്ലാ എഇഒ ഓഫിസുകൾക്കു മുമ്പിലും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ – ധർണ സംഘടിപ്പിച്ചു. ഗവ. പ്രൈമറി വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്റർ നിയമനം നടത്തുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നടപടികൾ അവസാനിപ്പിക്കുക, അനുപാതത്തിൽ മാറ്റം വരുത്തി അധ്യാപക തസ്തികകൾ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പാഠപുസ്തക വിതരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉയർത്തിയായിരുന്നു ധർണ. മണ്ണാർക്കാട് ഉപജില്ലാ ഓഫിസിനു മുമ്പിൽ നടത്തിയ ധർണ കെ പി എസ് ടി എ സംസ്ഥാന എക്സിക്യുട്ടിവ് അംഗം വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വി.നൗഷാദ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സജീവ് ജോർജ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ മുഹമ്മദലി, പി.കെ.അബ്ബാസ്, റവന്യു ജില്ലാ നേതാക്കളായ മനോജ് ചന്ദ്രൻ , ബിജു ജോസ്, ഡോ. എൻ വി ജയരാജൻ, ആർ ജയമോഹൻ,ജേക്കബ് മത്തായി, ഹബീബുള്ള അൻസാരി ,പി സുധീർ, ഷിജി തോമസ് , ട്രഷറർ യുകെ ബഷീർ, നൗഫൽ താളിയിൽ, പി ദീപക്, ഷിഹാബ് കുന്നത്ത്, എം ഷാഹിദ് തുടങ്ങിയവർ പ്രസംഗിച്ചു.