പാലക്കാട്: ‘മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം’ എന്ന പ്രമേയമുയര്‍ത്തി മലബാര്‍ സമര അനുസ്മരണ സമിതി സംസ്ഥാനമൊട്ടുക്കും നടത്തുന്ന സമരാനുസ്മരണ യാത്രക്ക് പാലക്കാട് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്കി. രാവിലെ 9ന് മണ്ണാര്‍ക്കാട് നിന്നാണ് സമരഅനുസ്മരണ ജാഥക്ക് തുടക്കമായത്. തുടര്‍ന്ന് ഒറ്റപ്പാലം, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ സ്വീകരങ്ങള്‍ക്ക് ശേഷം കൂറ്റനാട് സമാപിച്ചു. നാളെ തൃശൂര്‍ ജില്ലയില്‍ പര്യടനം നടത്തും.
ലോകശ്രദ്ധയാകര്‍ഷിച്ച മലബാര്‍ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ സമരപോരാട്ടവും സമരനായകരും ജനഹൃദയങ്ങളില്‍ ആവേശമായി ഇന്നും നിലകൊള്ളുന്നു. മറുഭാഗത്ത് ജനനായകരെ ഇകഴ്ത്തിക്കൊണ്ടു ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ഈ വിപ്ലവത്തെ മലബാര്‍ കലാപം എന്ന് മുദ്ര കുത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും അതിന്റെ ഭാഗമാണ്.
പരിപാടിയില്‍ വിവിധ പ്രസാധകരുടെ മലബാര്‍ സമരചരിത്ര പുസ്തകങ്ങളുടെ ശേഖരവുമായി പുസ്തകവണ്ടിയും, അതിജീവന കലാസംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും സമര സ്മരണകളുണര്‍ത്തുന്ന പാട്ടുവണ്ടിയും യാത്രയില്‍ അണിനിരന്നു.
മലബാര്‍ വിപ്ലവ പോരാളികളെ ഇകഴ്ത്തി കാട്ടുന്ന കാലഘട്ടത്തില്‍ യഥാര്‍ത്ഥ പോരാട്ടം എന്തെന്ന് തുറന്ന് കാട്ടുന്ന ‘ചോര പൂത്ത പടനിലങ്ങള്‍ ‘ എന്ന ലഘു തെരുവു നാടകം നിരവധി ജനങ്ങളാണ് വീക്ഷിച്ചത്.
മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുജീബ് കുന്നത്ത്, ഒറ്റപ്പാലത്ത് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുബൈര്‍ ഒറ്റപ്പാലം,
ഓങ്ങല്ലൂരിലും, കൂറ്റനാട് നടന്ന സമാപന പരിപാടിയിലും പ്രോഗ്രാം കോഡിനേറ്റര്‍ ലത്തീഫ് ദാരിമിയും പ്രഭാഷണം നടത്തി. കൂറ്റനാട് നടന്ന സമാപന പരിപാടിയില്‍ ഉദൈഫ് തൃത്താല ഗാനാവതരണം നടത്തി.
ജില്ലയില്‍ നടന്ന സ്വീകരണ പരിപാടികള്‍ക്ക് പ്രോഗ്രാം ജില്ല കോര്‍ഡിനേറ്റര്‍ കബീര്‍ വല്ലപ്പുഴ, ജില്ല കണ്‍വീനര്‍ ജലീല്‍ ഷൊര്‍ണുര്‍, മരക്കാര്‍ ഒറ്റപ്പാലം, ഷംസുദ്ദീന് മൗലവി, അബ്ദുല്‍ നാസര്‍ വടനാംകുറുശ്ശി, കാസിം കാരക്കാട് ,അബ്ദുള്‍ നാസര്‍, ഷിഹാബ് കൂറ്റനാട്, അഷ്റഫ് പള്ളത്ത് എന്നിവര്‍ നേതൃത്വം നല്കി.