പാലക്കാട് ജില്ലയിലെ എച്ച്ഐവി അണുബാധിതരുടെ ക്ഷേമത്തിനും, ശാക്തീകരണത്തിനും വേണ്ടി കഴിഞ്ഞ ഏഴു വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാടിന്റെ ക്രിസ്മസ് പുതുവത്സരാഘോഷവും കുടുംബ കൂട്ടായ്മയും നടത്തി. 2020 ഡിസംബർ 22ന് പാലക്കാട് ഗസാല ഹോട്ടലിൽ വച്ച് നടത്തിയ ക്രിസ്മസ് നവവത്സര ആഘോഷം മുൻ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. പ്രമീള ശശിധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. തൃശൂരിലെ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് വാഴക്കാല ക്രിസ്മസ് കേക്ക് വിതരണോദ്ഘാടനം നിർവ്വഹിച്ചു.പാലക്കാട് പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഡിറെക്റ്റർ ഫാ. വാൾട്ടർ തേലപ്പിള്ളി ക്രിസ്മസ് നവ വത്സര സന്ദേശം നൽകി.സ്വപ്നം സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ. എൻ.ജി. ജ്വോൺസ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽകേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് പ്രസിഡന്റ് ശ്രീ. എം. അസ്സൻ മുഹമ്മദ് ഹാജി പോഷക ധാന്യ കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. കഴിഞ്ഞ ഏഴു വർഷങ്ങളായി സമിതിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് നിസ്വാർത്ഥ സേവനം നടത്തിയ സാമൂഹ്യ പ്രവർത്തക ലില്ലി വാഴയിൽ, എച്ച്ഐവി അണുബാധയുളളവരുടെ മാനസിക ആരോഗ്യവും ജീവിത പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കെസ്സ് തൃശൂരിന്റെപ്രൊജക്റ്റ് കോഓർഡിനേറ്റർ ഡോ. സ്മിജൊ സെബാസ്റ്റ്യൻ തുടങ്ങിയവരെ ശ്രീമതി. പ്രമീള ശശിധരൻ പ്രശംസാ ഫലകവും പൊന്നാടയും സമർപ്പിച്ച് ആദരിച്ചു.കൗൺസിലർ ശ്രീ. സെയ്ദ് മീരാൻ ബാബു, കെസ്സ് തൃശൂർ അസിസ്റ്റന്റ് ഡിറെക്റ്റർ ഫാ. ജിൻറൊ ചിറയത്ത്, സൊസൈറ്റി സെക്രട്ടറി ശ്രീമതി. ലളിത എം.എഫ്, കവയത്രി ലില്ലി വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ ശ്രീജ കുമാരൻ നന്ദി രേഖപ്പെടുത്തി.
പങ്കെടുത്ത 40 കുടുംബങ്ങൾക്ക് ക്രിസ്മസ് കേക്കും പോഷക ധാന്യ കിറ്റും പുതുവൽസര വസ്ത്രങ്ങളും വിതരണംചെയ്തു.