നിരോധിച്ച നോട്ട് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം; യുവാക്കളെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ 12 പേർ അറസ്റ്റിൽ
കസബ പൊലീസ് അറസ്റ്റ് ചെയ്ത നിഷാദ് ബാബു, സാദത്ത് ഹുസൈൻ, എസ്.ഷഫീർ, എ.ദീപു, ആർ.രാമകൃഷ്ണൻ, എം.രമേശ്, മുഹമ്മദ് അബ്ബാസ്, ആർ.വിജേഷ്, മുഹമ്മദ് മുസ്തഫ, കെ.ബിജു, സഫീർ അലി, മുഹമ്മദ് ഷെരീഫ്.
പാലക്കാട് :നിരോധിച്ച നോട്ട് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് പണം കവർന്ന കേസിൽ 12 പേർ അറസ്റ്റിൽ. കുലുക്കല്ലൂർ മുഹമ്മദ് മുസ്തഫ (52), തണ്ണീർപന്തൽ മുഹമ്മദ് ഷെരീഫ് (31), കൽമണ്ഡപം സഫീർ അലി (39), അരയംങ്കോട് സ്വദേശികളായ രമേശ് (31), ആർ.വിജേഷ് (33), എ.ദീപു(29), ആരക്കുർശ്ശി കെ.ബിജു (51), തൃശൂർ വേലൂർ ആർ.രാമകൃഷ്ണൻ (57), മേപ്പറമ്പ് അബ്ബാസ് (40), ഒലവക്കോട് പൂക്കാരത്തോട്ടത്ത് നിഷാദ് ബാബു (36), പിരായിരി പള്ളിക്കുളം എസ്.ഷഫീർ(33), പൂളക്കാട് സാദത്ത് ഹുസൈൻ (45) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
5 കാറുകളും കസ്റ്റഡിയിലെടുത്തു. മലപ്പുറം അരീക്കോട് പാറക്കൽ അബ്ദുൽ നാസർ, സുഹൃത്തും അയൽവാസിയുമായ അബ്ദുൽ റഹ്മാൻ എന്നിവരെ തട്ടിക്കൊണ്ടുപോയി മർദിച്ചു പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അബ്ദുൽ റഹ്മാൻ നിരോധിച്ച നോട്ടുകൾ മാറ്റിക്കൊടുക്കുന്ന ഏജന്റാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പലരിൽ നിന്നായി 78.90 ലക്ഷം രൂപയോളം ഇവർ നോട്ടുമാറ്റിയെടുക്കാനായി വാങ്ങിയിരുന്നു. ഇതു തിരിച്ചു തരാൻ താമസം നേരിട്ടതോടെ പണം കൊടുത്തവർ സംഘടിച്ചു പാലക്കാട്ടെത്തി.
ഈ സമയം അബ്ദുൽ റഹ്മാനും മറ്റു സുഹൃത്തുക്കളും ചന്ദ്രനഗറിലെ ഹോട്ടലിൽ മീറ്റിങ്ങിലായിരുന്നു. കൂടുതൽ പണമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അബ്ദുൽ റഹ്മാനെയും സുഹൃത്ത് അബ്ദുൽ നാസറിനെയും കാറിൽ കയറ്റിക്കൊണ്ടുപോയി. കിണാശ്ശേരിയിലെ മുഹമ്മദ് ഷെരീഫിന്റെ ഫാമിലെത്തിച്ചു ഇരുവരെയും ബന്ദിയാക്കി മർദിച്ചതായി പൊലീസ് പറഞ്ഞു. എടിഎം കാർഡ് വാങ്ങി 10,300 രൂപ പിൻവലിച്ചു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ചു ഇരുവരെയും കൊലപ്പെടുത്തുമെന്നും മോചിപ്പിക്കാൻ പണം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ധുക്കളും സുഹൃത്തുക്കളും കസബ പൊലീസ് സ്റ്റേഷനിലെത്തി. സംഘം കിണാശ്ശേരിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.