പാലക്കാട് ജില്ലയിൽ കാറ്റും മഴയും;
പാലക്കാട് :
കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. കൂറ്റനാട്, മലമ്പുഴ, പുതുശേരി പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്‌ടം. പലയിടത്തും മരങ്ങൾ പൊട്ടിവീണു. കാർഷികവിളകൾക്കും നാശമുണ്ടായി. വൈദ്യുതിത്തൂണുകളും കമ്പികളും പൊട്ടി വീണു. തൃത്താല, നാഗലശേരി, തിരുമിറ്റക്കോട്, ചാലിശേരി പഞ്ചായത്തുകളിൽ നിരവധിയിടങ്ങളിൽ കൃഷി നാശമുണ്ടായി. വാഴ, മരച്ചീനി, പച്ചക്കറിക്കൃഷിയും നശിച്ചു. പലയിടത്തും കുലയ്ക്കാറായ വാഴകൾ മറിഞ്ഞുവീണു.
കൂറ്റനാട്- – -പെരിങ്ങോട് റോഡിൽ തൊഴുക്കാട് ഇറക്കത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണു. കെഎസ്ഇബിയുടെ 110 കെ വി ലൈനിനു മുകളിലേക്കാണ് മരക്കൊമ്പ് വീണത്.
മലമ്പുഴയിൽ മരം വീണ് രണ്ട് ട്രാവലർ തകർന്നു. ഡാം കാർപാർക്കിൽ നിർത്തിയിട്ട ടെമ്പോ ട്രാവലറിനു മുകളിലേക്കാണ് ആൽമരക്കൊമ്പ് പൊട്ടിവീണത്. ഒരു ട്രാവലറിന്റെ മുകൾഭാഗം പൂർണമായും തകർന്നു. ഡ്രൈവർമാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളു. പ്രവേശനകവാടത്തിനുസമീപം മരംവീണ് നിരവധി വാഹനങ്ങൾക്ക് കേട് സംഭവിച്ചു. കഞ്ചിക്കോട്നിന്ന് അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ച് മാറ്റി. പുതുശേരി, മരുതറോഡ് പഞ്ചായത്തുകളിലും വ്യാപകമായി നാശമുണ്ടായി. മരംവീണ് അഞ്ച് വീടുകളും ആറ് വൈദ്യുതിത്തൂണുകളും കൃഷിയിടത്തിലെ മോട്ടോർപ്പുരയും തകർന്നു. വേനോലി–-വടക്കേത്തറ വീടിനു മുകളിലേക്ക് മരം വീണ് പിൻഭാഗം ഭാഗികമായി തകർന്നു. ആളപായമുണ്ടായില്ല. . വേനോലിയിൽ കൃഷിയിടത്തിലെ മോട്ടോർപ്പുരയാണ് തകർന്നത്.