നെല്ല് സംഭരണം: മില്ലുടമകളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും
ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സിവില്‍ സപ്ലൈസ് എം.ഡിയുമായി ചര്‍ച്ച നടത്തിയതായി മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. നെല്ല് സംഭരണത്തിനായി ജില്ലയിലെ പാഡികോ (സഹകരണ സംഘം), കൂടാതെ മറ്റ് മൂന്ന് മില്ലുകള്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബാക്കി മില്ലുടമകളുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കുമെന്ന് സിവില്‍ സപ്ലൈസ് എം.ഡി അറിയിച്ചതായി മന്ത്രി പറഞ്ഞു. മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് കിട്ടിയ തുക സിവില്‍ സപ്ലൈസില്‍ നിന്നും കാലതാമസം കൂടാതെ നല്‍കാന്‍ നടപടി സ്വീകരിക്കും. മില്ലുടമകള്‍ക്ക് നല്‍കാനുള്ള കൈകാര്യ ചെലവ് അടിയന്തരമായി സപ്ലൈകോ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രളയകാലത്ത് നശിച്ച ഭക്ഷ്യധാന്യങ്ങളുടെ ചെലവ് സിവില്‍ സപ്ലൈസ് മുഖേന ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു.