വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നല്‍കാനുള്ള സർക്കാർ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ.
കോടതി വിധി വരുന്നതിന് മുൻപേ തന്നെ നടക്കുന്ന ഇത്തരത്തിലൊരു നീക്കം കോടതിയെയും ഇരയാക്കപ്പെട്ടവരെയും വെല്ലുവിളിക്കുന്നതാണെന്നും നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.
കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ. ഇത്തരത്തില്‍ കേസ് അട്ടിമറിച്ചതിനുള്ള സമ്മാനമാണ് ഇപ്പോള്‍ സോജന് സർക്കാർ നല്‍കുന്നത്. സോജൻ പ്രതിസ്ഥാനത്ത് നില്‍ക്കെ തിടുക്കപ്പെട്ട് എന്തിന് ഐപിഎസ് നല്‍കുന്നുവെന്നും തങ്ങള്‍ വേട്ടക്കാർക്ക് ഒപ്പം തന്നെയാണെന്നാണ് സർക്കാർ വീണ്ടും വീണ്ടും വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.