വാളയാർ സമരം രാഷ്ട്രീയപ്രേരിതം: സിപിഐ എം
വാളയാറിൽ പ്രായപൂർത്തിയാവാത്ത രണ്ട് സഹോദരിമാരുടെ അതിദാരുണ മരണത്തിൽ അമ്മയെ മുൻനിർത്തിയുള്ള ഇപ്പോഴത്തെ സമരത്തിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. കുട്ടികൾ നഷ്ടമായ അമ്മയുടെ സങ്കടം സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിന് ഉപയോഗിക്കുന്നത് അങ്ങേയറ്റം അധമമാണ്.
സംസ്ഥാന സർക്കാരിന്റെ ജനപിന്തുണയിൽ അസ്വസ്ഥരായ വലതുപക്ഷ ശക്തികൾ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ആസൂത്രിതമായി കെട്ടിപ്പൊക്കിയ ദുരാരോപണങ്ങൾ ദയനീയമായി പൊളിഞ്ഞു. പ്രതിപക്ഷത്തെ പ്രധാനികൾ പലരും അഴിമതിക്കേസിലടക്കം പ്രതിസ്ഥാനത്ത് വന്നപ്പോൾ അതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അവസാന ശ്രമമായാണ് വാളയാർ സമരത്തെ കാണുന്നത്.
കുട്ടികൾ മരിച്ച സംഭവത്തിലെ അന്വേഷണത്തിൽ വീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തു. തുടർന്ന് അന്നത്തെ പാലക്കാട് എഎസ്‌പി ജി പൂങ്കുഴലിയെ അന്വേഷണം ഏൽപ്പിച്ചു. എന്നാൽ അവർക്ക് ക്രമസമാധാന ചുമതലയുണ്ടായതിനാൽ അന്വേഷണം അനന്തമായി നീളാതിരിക്കാൻ സമർഥനായ ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു.
ഈ ഉദ്യോഗസ്ഥനെക്കുറിച്ച് ആരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടു. തെളിവുകൾ കോടതിയിൽ എത്തിക്കുന്നതിലും കേസ് നടത്തുന്നതിലും വീഴ്‌ചയുണ്ടായെന്ന വിമർശനമുണ്ടായപ്പോൾ
പ്രോസിക്യൂട്ടറെ മാറ്റി. റിട്ട. ജഡ്‌ജി ഹനീഫയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ കമീഷനെയും നിയോഗിച്ചു.