വാളയാർ: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് കുട്ടികളുടെ മാതാവ്
പാലക്കാട്∙ വാളയാർ പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാവ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിക്കപ്പെടുന്ന എം.ജെ.സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്ത് സർവീസിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വാളയാർ കേസ്: വിധി റദ്ദാക്കണമെന്ന ഹർജികൾ വിധി പറയാൻ മാറ്റി
മന്ത്രി എ.കെ.ബാലനും ഇവർ കത്ത് അയച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ നേതൃത്വം നൽകിയ എസ്ഐടി തലവനായിരുന്ന സോജനെ എസ്പിയാക്കുകയും ഐപിഎസ് ശുപാർശ നൽകുകയും ജസ്റ്റിസ് ഹനീഫ കമ്മിഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്ഐ ചാക്കോയെ സർക്കിളാക്കുകയും ചെയ്തത് സങ്കടമുണ്ടാക്കിയെന്ന് കത്തിൽ പറയുന്നു. വാളയാർ മക്കളുടെ അമ്മയ്ക്കു വിശ്വാസമാണെന്നു മുഖ്യമന്ത്രി പറഞ്ഞ വാക്ക് സത്യമാണെങ്കിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
നേരത്തെ മുഖ്യമന്ത്രിക്കു നൽകിയ കത്തിലും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് ഒപ്പമുണ്ടായിരുന്നവർ തെറ്റിദ്ധരിപ്പിച്ചത്. അന്ന് വക്കാലത്തു നൽകിയ അഭിഭാഷകനിൽനിന്ന് മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തിയപ്പോഴാണ് വഞ്ചിക്കപ്പെടുകയായിരുന്നു എന്നു തിരിച്ചറിഞ്ഞത്. സിബിഐ അന്വേഷണം എന്ന് വിശ്വസിപ്പിച്ച് വക്കീൽ കോടതിയിൽ ആവശ്യപ്പെട്ടത് തുടർ വിചാരണയും പ്രോസിക്യൂട്ടറെ മാറ്റലുമായിരുന്നു.