പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ കുടുംബവുമായി മന്ത്രി എ കെ ബാലൻ കൂടിക്കാഴ്ച നടത്തി. പെൺകുട്ടികൾക്ക് നീതി തേടി അട്ടപ്പളത്തെ വീട്ടിൽ നിന്ന് കാൽനടയായാണ് മന്ത്രിയുടെ പാലക്കാട്ടെ വസതിയിലേക്ക് കുടുംബമെത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് പെൺകുട്ടികളുടെ അമ്മ മന്ത്രിയോട് ആവശ്യപ്പെട്ടു.
വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ട വിധി വന്ന ഒന്നാം വാർഷിക ദിനത്തിലാണ് കുടുംബം വീണ്ടും സമരത്തിനിറങ്ങിയത്. അട്ടപ്പളത്തെ വീട്ടിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന് ശേഷമാണ് രണ്ടാം ഘട്ട സമരമായി കാൽനടയാത്ര തുടങ്ങിയത്. വാളയാറിൽ ഇപ്പോൾ സമരമെന്തിനെന്ന മന്ത്രി എ കെ ബാലന്റെ ചോദ്യത്തിന് നേരിൽ കണ്ട് മറുപടി നൽകാനാണ് മന്ത്രിയുടെ വസതിയിലേക്ക് കാൽനടയാത്ര സംഘടിപ്പിച്ചത്.
എന്നാൽ കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജനടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു. പ്രതികളെ പോക്സോ കോടതി വിട്ടയച്ചതിനെതിരെ സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീലിൽ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാളയാറിലെ സമരങ്ങൾ സർക്കാരിന് തലവേദനയാവുകയാണ്.