വാളയാർ നീതിസമരത്തിന്റെ നിലപാടുകൾ:
വാളയാറിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല ചെയ്യപ്പെട്ട രണ്ട് ദളിത് പെൺകുഞ്ഞുങ്ങൾക്കു നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ സമരം നടത്തുന്നത്. വ്യത്യസ്ത രാഷ്ട്രീയ സാമൂഹ്യ വീക്ഷണങ്ങൾ ഉള്ളവർ ഈ സമരത്തിന് പിന്തുണയുമായി വന്നിട്ടുണ്ട്. കേരളത്തിന്റെ പൊതു മനസ്സാണ് അത് കാണിക്കുന്നത്. എന്നാൽ സമരസമിതി ഇതിൽ ഏതെങ്കിലും ഒരു സംഘടനയുടെ രാഷ്ട്രീയ നിലപാടിനെ സാധൂകരിക്കുന്നില്ല.
വാളയാറിലും പാലത്തായിലും ഹത്രാസിലും കത്ത്വയിലും മറ്റെവിടെയും പെൺകുഞ്ഞുങ്ങളോട്, സ്ത്രീകളോട്, ദളിത് ആദിവാസി ന്യുനപക്ഷം തുടങ്ങി പ്രാന്തവൽക്കരിക്കപ്പെട്ട ജനതയോട് കാണിക്കുന്ന എല്ലാ വിധ അതിക്രമങ്ങൾക്കുമെതിരെ ഇരകൾക്കൊപ്പം നിൽക്കുക എന്നത് ഈ സമരസമിതിയുടെ നയമാണ്. അവരുടെ നീതിക്കായുള്ള പോരാട്ടത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. അതിൽ ഒരു കക്ഷി രാഷ്ട്രീയ താല്പര്യങ്ങളും ഇല്ല.
ഈ സമരത്തെ ഏതെങ്കിലും കക്ഷികളോ സംഘടനകളോ മുതലെടുക്കാൻ സമരസമിതി അനുവദിക്കില്ല. ഈ ധാരയിൽ വന്നു ചേരുന്നവർക്കെല്ലാം ഈ വിഷയത്തിൽ ഒരേ നയമാണുള്ളത്. വ്യത്യസ്ത സംഘടനകൾ തമ്മിലുള്ള തർക്കങ്ങളൊന്നും ഈ സമരവേദിയിൽ അനുവദിക്കാൻ കഴിയില്ല.
അതുകൊണ്ട് തന്നെ ഈ സമരപരിപാടികളിൽ പങ്കെടുക്കുന്നവരുടെ ശ്രദ്ധയിലേക്കായി ചില കാര്യങ്ങൾ അറിയിക്കട്ടെ.
1 ) മന്ത്രിയെ നേരിൽ കാണാനുള്ള ഈ യാത്ര കൊല്ലപ്പെട്ട പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആണ് നയിക്കുന്നത്. ഒരു കക്ഷിയുടെയോ സംഘടനയുടെയോ നേതാക്കൾ മുന്നിരയിൽ നിൽക്കരുതെന്നു അപേക്ഷിക്കുന്നു. ദളിത് ആദിവാസി സമൂഹത്തിന്റെ നേതൃത്വമാണ് ഈ സമരത്തിനുള്ളത്. ആ വിഭാഗത്തിൽ പെട്ട ജനതയുടെ സംഘടനാനേതാക്കൾക്കായിരിയ്ക്കും തൊട്ടു പിന്നിലുള്ള സ്ഥാനം. സമരത്തെ പിന്താങ്ങുന്ന മറ്റുള്ളവർ അതിനു പിന്നിലായിട്ടായിരിക്കും പോകുക.
2 ) ഒരു രാഷ്ട്രീയ മതപ്രസ്ഥാനങ്ങളുടെയും കൊടികൾ ഈ യാത്രയിൽ ഉപയോഗിക്കാൻ പാടില്ല.അത് അനൈക്യത്തിന് വഴിവെക്കും.
3 )കക്ഷിരാഷ്ട്രീയപരമായ ഒരു മുദ്രാവാക്യങ്ങളും വിളിക്കാൻ പാടില്ല. ആരെയും അപകീർത്തിപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ അരുത്.
4 ) കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ദൂരം പാലിച്ചുകൊണ്ട് മാത്രമേ യാത്രയിൽ പങ്കെടുക്കാൻ പാടുള്ളു.
5 ) യാത്രയിലുടനീളം അച്ചടക്കം പാലിക്കണം. സംഘാടകസമിതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.
ഈ സമരം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഓരോരുത്തരും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വാളയാർ നീതി സമരസമിതിക്കു വേണ്ടി
വിളയോടി വേണുഗോപാൽ (ചെയർമാൻ)
വി.എം. മാർസൻ ( കൺവീനർ)