നൂറിന്റെ നിറവില്‍ വി എസ്
— അസീസ് മാസ്റ്റർ —
ജനകീയ വിഷയങ്ങളില്‍ ധാര്‍മ്മികതയോടെ ഇടപെട്ട പോരാളിയും പ്രതിനായകനുമായ വി എസ് അച്യുതാന്ദന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. മുന്നിലെ അഴിമതികള്‍ക്കെതിരേ ശക്തമായി ചോദ്യം ചോദിക്കും. പൊതുവേദിയില്‍ വാക്കുകള്‍ നീട്ടിയും കുറുക്കിയും സമരഭരിതമായ ആവേശം നിറച്ച ശൗര്യത്തിന് നൂറ് തികയുന്നു. കേരളീയ സമൂഹത്തിന്റെ ചിന്തയിലും മൂല്യബോധത്തിലും പ്രവൃത്തിയിലും സൈദ്ധാന്തികമായും പ്രയോഗപരമായും സ്വാധീനം ചെലുത്താനായി എന്നതാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വി എസ് അച്യുതാനന്ദനെ കാലം വ്യത്യസ്തനാക്കിയിരിക്കുന്നത്. 1940ല്‍ തന്റെ 17ാം വയസ്സില്‍ പാര്‍ട്ടി അംഗമായ വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് ഇതുവരെയുള്ള ജീവിതത്തില്‍ ഒരിക്കലും പാര്‍ട്ടിക്കും മാഫിയകള്‍ക്കും വേലിക്കകത്തായിരുന്നില്ല. ലീല ഹോട്ടല്‍ ഗ്രൂപ്പ് മേധാവി അന്തരിച്ച ക്യാപ്റ്റന്‍ കൃഷ്ണന് നായരുടെ ആതിഥേയത്വം സ്വീകരിക്കാത്ത രണ്ട് മുഖ്യമന്ത്രിമാര്‍ ഇ എം എസ്സും വി എസ്സുമാണെന്ന് സി പി എം സഹയാത്രികനും അടുത്തിടെ അന്തരിക്കുകയും ചെയ്ത ബെര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ നീരീക്ഷണത്തില്‍ എല്ലാ ധാര്‍മ്മികതയുടെയും ഒരു നിഴല്‍ വി എസില്‍ കാണുന്നു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്, ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചപ്പോഴെല്ലാം സംശുദ്ധ രാഷ്ട്രീയവും അധികാരവും കൊണ്ട് ആദര്‍ശരാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി വി എസ്. അധികാരത്തിന്റെയും വിഭാഗീയതയുടെയും പോരാട്ടമായി മാറിയ സി പി എം പാര്‍ട്ടിക്കകത്ത് ഒരു പക്ഷമായി വി എസ് മാറി. അധികാര മത്സരത്തിനാണെങ്കിലും ഫലത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ മുഖമായി മാറാന്‍ വി എസിന് കഴിഞ്ഞുവെന്നതിലാണ് അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയുടെ അടിസ്ഥാനം. പാര്‍ട്ടിയില്‍ ദുര്‍ബലനായപ്പോഴും മൗനിയായതുമില്ല. സമരസപ്പെടുകളില്ലാത്ത പോരാട്ടത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. സി പി ഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് 1964ല്‍ ഇറങ്ങിപ്പോന്ന് സി പി എമ്മിന് രൂപം നല്കിയ 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏക മലയാൡയാണ് വി എസ്.
വി എസ് ഒരു ധാര്‍മ്മിക ബോധ്യമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് സി പി എമ്മിലും നേതൃപദവി വഹിച്ച വി എസ് അച്യുതാനന്ദന് അനീതികള്‍ക്കെതിരേ കാര്‍ക്കശ്യത്തോടെ പെരുമാറി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ശത്രുക്കളെ സൃഷ്ടിച്ചപ്പോഴും രണ്ടായിരത്തിന് ശേഷം ജനപക്ഷ നിലപാടുകളാല്‍ ജനകീയനായി. സി പി എം നേതൃത്വവുമായി ഏറ്റുമുട്ടുന്ന വി എസിനെയാണ് കണ്ടത്. വി എസ് -പിണറായി ഗ്രൂപ്പുകളുണ്ടായി. ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ കനലുകള്‍ നിറഞ്ഞു. പാര്‍ട്ടി സംവിധാനങ്ങളെല്ലാം ശത്രുപക്ഷത്ത് നിര്‍ത്തിയിട്ടും വി എസ് തന്റെ സമരപഥങ്ങളില്‍ ഉറച്ചുനിന്നു. ധാര്‍മ്മികതയുടെ പുറത്താണ് 2015 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി എസ് ഇറങ്ങിപ്പോവുന്നത്. പാര്‍ട്ടിയുടെ അധികാരത്തോടും യാന്ത്രികമായ അച്ചടക്ക നടപടികളോടുമുള്ള എതിര്‍പ്പും പ്രതിഷേധവും കൊണ്ട് രാഷ്ട്രീയ ജീവിതത്തെ സമഗ്രവും സൂക്ഷ്മവുമായി അദ്ദേഹം അടയാളപ്പെടുത്തി. ഭൂരിപക്ഷം നോക്കാതെ ന്യായത്തിന് വേണ്ടി നാക്കേറ് നടത്തിയ ധാര്‍മ്മികതയുടെ വിപ്ലവമുഖമായി മാറി.
പരാജയങ്ങള്‍ ഭക്ഷിച്ച മനുഷ്യന് എന്നാണ് എം എന്‍ വിജയന് വി എസിനെക്കുറിച്ച് പറഞ്ഞത്. നാലാമത്തെ വയസ്സിലാണ് വി എസിന് അമ്മയെ നഷ്ടപ്പെട്ടത്. വസൂരി പിടിച്ചായിരുന്നു. പിതാവും മരിച്ചതോടെ പതിനൊന്നാമത്തെ വയസ്സില്‍ വി എസിന് പഠനം അവസാനിപ്പിക്കേണ്ടി വന്നു. വിജയങ്ങളേക്കാളുപരി പരാജയങ്ങളാണ് വി എസിനെ നിര്‍വചിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നതെന്ന് പറയേണ്ടി വരും. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് നേരിടേണ്ടി വന്ന പരാജയവും മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരേയുള്ള നടത്തിയ ഓപ്പറേഷനിലുണ്ടായ തിരിച്ചടിയുമൊക്കെ മാറ്റിവെച്ചു കൊണ്ട് വി എസിന്റെ രാഷ്ട്രീയ ജീവിതരേഖ പൂര്‍ത്തിയാക്കാനാവില്ല.
ജനങ്ങളെ എതിര്‍പക്ഷത്ത് നില്‍ക്കുകയും കോര്‍പറേറ്റുകള്‍ക്ക് ഓശാന പാടുകയും ചെയ്യുന്ന നേതാവാന്‍ വി എസിന് സാധ്യമല്ല. ഇരട്ടത്താപ്പില്ലാത്ത നിലപാടിന്റെ പേരാണ് വി എസ്. പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കലിലേക്ക് വരെ അത് കാരണമായി. കമ്മ്യൂണിസത്തിന്റെ ക്ലാസിക്കല്‍ കാലത്തിന് ശേഷം ഇത്രയും ജനപ്രീതിയുള്ള കമ്മ്യൂണിസ്റ്റ് നേതാവിനെ കണ്ടെത്തുക വിഷകരമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്്ഞനും ഇടത് സഹയാത്രികനുമായ പ്രഭാത് പട്നായിക് എഴുതിയ കുറിപ്പ് തന്നെയാണ് കേരളത്തിനും പങ്കുവെക്കാനുള്ളതാണ്.
സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ 97 വയസുവരെ കേരള രാഷ്ടീയത്തില്‍ സജീവമായിരുന്ന വി എസ് മകന് വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. 2019 ഒക്ടോബര്‍ 24 മുതലാണ് ഡോക്ടര്‍മാര്‍ പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചത്. ഓര്‍മ്മകളും വിപ്ലവവീര്യവും കൊണ്ട് നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വി എസിന്റെ വിപ്ലവ ജീവിതത്തിന് സായാഹ്നത്തിന്റെ സ്നേഹാദരം. എല്ലാവര്ക്കും ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.