ഒറ്റപ്പാലം : നഗരസഭ: സെക്രട്ടറി വനിത കമീഷന് മുന്നിൽ ഹാജരായി
ഒറ്റപ്പാലം: ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി വനിത കമീഷൻ മുമ്പാകെ ഹാജരായി മൊഴി നൽകി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. പാലക്കാട് ജില്ല പഞ്ചായത്ത് ഹാളിലായിരുന്നു കമീഷൻ സിറ്റിങ്. ഹരിത കർമസേനയുടെ യോഗം പ്രത്യേക കാരണങ്ങൾ ഒന്നുമില്ലാതെ തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പ് ഒരു മുന്നറിയിപ്പുമില്ലാതെ സെക്രട്ടറി മാറ്റിവെച്ചതായും തന്നോട് മോശമായി പെരുമാറുകയും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുകയും ചെയ്ത ആർ.ആർ.ടി വളൻറിയർക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നതിനുപകരം സംരക്ഷിച്ചതായും ആരോപിച്ചാണ് യു.ഡി.എഫ് സ്വതന്ത്ര മുന്നണി അംഗവും സ്ഥിരംസമിതി അധ്യക്ഷയുമായ രൂപ ഉണ്ണി വനിത കമീഷനെ സമീപിച്ചിരുന്നത്. എന്നാൽ, ഹരിത കർമസേനയുടെ യോഗം വിളിച്ചുകൂട്ടിയതും മാറ്റിവെച്ചതും താനല്ലെന്ന് സെക്രട്ടറി മൊഴിനൽകി. യോഗം വിളിച്ചത് സ്ഥിരംസമിതി അധ്യക്ഷയും മാറ്റിവെച്ചത് നഗരസഭ അധ്യക്ഷയുമാണ്. ആർ.ആർ.ടി വളൻറിയർക്കെതിരെ ലഭിച്ച പരാതി ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം നടത്തിച്ച് റിപ്പോർട്ട് നഗരസഭ അധ്യക്ഷക്ക് കൈമാറിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ വാക്സിൻ സൻെററിലെ ചുമതലയിൽനിന്ന് താൽക്കാലികമായി മാറ്റിനിർത്തുകയും ചെയ്തതാണെന്നും സെക്രട്ടറി കമീഷനെ ബോധിപ്പിച്ചു. വനിത കമീഷൻെറ പരിധിയിൽ വരുന്ന പരാതിയല്ല ഇതെന്നും ഉദ്യോഗസ്ഥതലത്തിൽ പരാതി നൽകാനാണ് കമീഷൻ നിർദേശിച്ചതെന്നും രൂപ ഉണ്ണി പറഞ്ഞു