വിവിധ വകുപ്പു അധികൃതരുടെയും അനാസ്ഥമൂലം ദേശീയപാതയിലെ ഹോട്ടൽ ഡയാനക്കടുത്തെ ഫ്ളൈ ഓവർ കവല മനുഷ്യ ജീവൻ പൊലിയുന്ന അപകട തുരുത്താകുന്നു. കഴിഞ്ഞദിവസം രാത്രിയും ഇവിടെ കാർ അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കളുടെ ജീവൻ പൊലിഞ്ഞു.
തൃശൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇവിടെ മതിയായ മുന്നറിയിപ്പ് ബോർഡുകളോ വെളിച്ചമോ ഇല്ലാത്തതാണ് ഇത്രയേറെ അപകടങ്ങൾക്ക് കാരണമാകുന്നത്. ഫ്ളൈ ഓവർ പണി പാതിവഴിയിൽ നിർത്തിവച്ചതിനാൽ ഇവിടെ എത്തുന്പോൾ വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡുവഴി പാലക്കാട് ഭാഗത്തേക്ക് പോകണം.
എന്നാൽ റോഡ് അവസാനിക്കുന്നിടത്താണ് ഇവിടെ റോഡ് ക്ലോസ്ഡ് എന്ന മുന്നറിയിപ്പു് ബോർഡ് കന്പുകളിൽ നാട്ടിയിട്ടുള്ളത്. വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഇവിടെ എത്തുന്പോൾ മാത്രമാകും ബോർഡ് കാണാനാകുക. ഇതിനാൽ പെട്ടെന്ന് വാഹനം നിയന്ത്രിക്കാനാകാതെ മുന്നോട്ടുകുതിക്കും.
ഈ ബോർഡുകൾ വച്ചിടത്ത് തന്നെയാണ് രാത്രികളിൽ ലോറികളും മറ്റു വാഹനങ്ങളും വിശ്രമിക്കാനായി നിർത്തിയിടുന്നത്. രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയതും മുന്നറിയിപ്പ് ബോർഡ് വച്ചതിലെ അപാകതകളും അനധികൃതമായി വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു.