പട്ടാമ്പി: കഴിഞ്ഞ ദിവസം നടന്ന ചാലിശ്ശേരി ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത വിജയിച്ചു. 479 വോട്ടുകൾ നേടി എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ 104 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സുജിത വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സന്ധ്യാ സുനിൽകുമാറിന് 375 വോട്ടുകൾ ലഭിച്ചു. ഒമ്പതാം വാർഡ് മുൻ മെമ്പറായിരുന്ന എ.വി സന്ധ്യ പാർട്ടി തീരുമാനത്തെ എതിർത്ത് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇതോടെ അനിശ്ചിതത്തിലായിരുന്ന ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യുഡിഎഫ് തന്നെ നിലനിർത്തും. ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള എൽഡിഎഫ് ശ്രമം പാഴായി. പത്തു വർഷമായി യുഡിഎഫ് ഭരണസമിതിയാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്.
15 വാർഡുകൾ അടങ്ങുന്നതാണ് ചാലിശ്ശേരി പഞ്ചായത്ത്. ഏഴു വീതം സീറ്റുകളാണ് വലത്-ഇടതു കക്ഷികൾക്ക് ലഭിച്ചിരുന്നത്. ഈ തെരഞ്ഞെടുപ്പോടെ എട്ടു സീറ്റുകൾ യുഡിഎഫിന് ലഭിക്കുകയും ഭരണം സ്ഥിരപ്പെടുത്തുകയും ചെയ്യും ം