ശ്രീകൃഷ്ണപുരംജില്ലയിലെ മികച്ച പഞ്ചായത്തിന്നുള്ള സ്വരാജ് ട്രോഫി വീണ്ടും ശ്രീകൃഷ്ണപുരം പഞ്ചായത്തിന്. തുടർച്ചയായ 16–-ാം വർഷമാണ് പഞ്ചായത്തിനെ തേടി അവാർഡ് എത്തുന്നത്. 13 വട്ടം ജില്ലാ തലത്തിലും മൂന്നു വട്ടം സംസ്ഥാനതലത്തിലും പഞ്ചായത്ത് ആദ്യ സ്ഥാനങ്ങളിൽ എത്തി. പഞ്ചായത്ത് നടപ്പാക്കിയ ഗാമീണ വികസന മാതൃകയ്ക്കുള്ള അംഗീകാരം കൂടിയാണ് അവാർഡ്. ഐഎസ്ഒ നിലവാരത്തിലുള്ള ഓഫീസും ഘടക സ്ഥാപനങ്ങളും പഞ്ചായത്തിന്റെ പ്രത്യേകതയാണ്. ഭിന്നശേഷിക്കാർക്കായി കാരുണ്യ സ്പർശം വെബ്സൈറ്റ്, മാലിന്യ സംസ്കരണത്തിന് ക്ലീൻ ശ്രീകൃഷ്ണപുരം പദ്ധതി, ഹരിതശ്രീ, ഹരിത കർമസേന, വനിതാ പദവി പഠനം, ജെൻഡർ റിസോഴ്സ് സെന്റർ, ബാല സൗഹൃദ പഞ്ചായത്ത്, കൺമണി ബാലികാ സൗഹൃദ പദ്ധതി, പാലിയേറ്റീവ് പരിചരണ പദ്ധതി, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് പദ്ധതി വിപുലീകരണം, തൊഴിലുംവികസനവും ജല സംരക്ഷണ പ്രവർത്തനങ്ങൾ, സമഗ്ര നെൽകൃഷി വികസനം, വയോസൗഹൃദ പദ്ധതി എന്നിങ്ങനെ ജില്ലയ്ക്ക് മാതൃകയായ നിരവധി പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. ശ്രീകൃഷ്ണപുരം എഫ്ക്ക്എച്ച്സിക്ക് എൻക്യൂഎഎസ് ദേശീയ അക്രഡിറ്റേഷൻ, സ്മാർട്ട് അങ്കണവാടികൾ, ജില്ലയിലെ മികച്ച സിഡിഎസ്, കുടുംബശ്രീ തൊഴിൽ സംരംഭങ്ങൾ എന്നിവ പഞ്ചായത്തിന്റെ പ്രവത്തന മികവിനുള്ള ഉദാഹരണങ്ങൾ.