വടക്കഞ്ചേരി – മണ്ണൂത്തി ദേശീയപാതയിൽ ടോൾ പിരിക്കാനുള്ള തീരുമാനം പിൻവലിക്കണം;ദേശീയ പാത വികസനം ഉടൻ പൂർത്തീകരിക്കണം – വെൽഫെയർ പാർട്ടി
പാലക്കാട്:വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാത വികസനത്തിൻ്റെ പേരിൽ ബി.ഒ.ടി കമ്പനികൾക്ക് ടോൾ പിരിവ് നടത്താനുള്ള അവസരം കേന്ദ്രസർക്കാർ തുറന്നു നൽകുന്നത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ടോൾ പിരിവ് ആരംഭിക്കാനുള്ള തീരുമാനം പിൻവലിക്കണം. ഒരു ഭാഗത്ത് ജനങ്ങളെ പിഴിയാനുള്ള തീരുമാനമെടുക്കുമ്പോഴും കുതിരാൻ തുരങ്കമടക്കമുള്ള പ്രവർത്തനങ്ങൾ ദേശീയ പാതയിൽ അനന്തമായി നീളുകയാണ്. തുരങ്കം പണി ആരംഭിച്ച് സ്തംഭനാവസ്ഥയിൽ ആയതിൽ പിന്നെ മുഴുസമയങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് ദേശീയ പാതയിലുള്ളത്.വാഹനങ്ങളല്ലാം മണിക്കൂറുകളോളം കുതിരാനിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതു മൂലം പതിനായിരക്കണക്കിന് വരുന്ന യാത്രക്കാർക്ക് ദേശീയ പാതയിലൂടെയുള്ള യാത്ര തീരാദുരിതമായിരിക്കുകയാണ്. ടോൾ പിരിവ് ആരംഭിക്കാൻ ധൃതി പിടിക്കുന്നതിന് പകരം തുരങ്കമടക്കമുള്ള പാതയിലെ വികസന പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ഉടൻ പൂർത്തീകരിക്കാൻ സർക്കാർ ഇടപെടണം.
ദേശീയപാത വികസനത്തിനെന്ന പേരിൽ കുത്തകകൾക്ക് കൊള്ളയടിക്കാനുള്ള വാതായനങ്ങൾ കേന്ദ്ര സർക്കാർ തുറന്ന് നൽകുകയാണെന്നും ഇതിൽ നിന്ന് പിൻവലിഞ്ഞില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഭരണകൂടം നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ല ആക്ടിങ് പ്രസിഡൻ്റ് പി.മോഹൻദാസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.