മില്ലുടമകളുടെ ഭീഷണിക്ക് വഴങ്ങരുത്: കർഷകസംഘംപാലക്കാട്മില്ലുടമകളുടെ ഭീഷണിക്ക് സംസ്ഥാന സർക്കാർ വഴങ്ങരുതെന്ന് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന മില്ലുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കുറഞ്ഞ വിലയ്ക്ക് നെല്ല് കൈക്കലാക്കാൻ മില്ലുടമകൾ ബോധപൂർവം സംഭരണം വൈകിപ്പിക്കുന്നു. സംഭരണം വൈകുന്നതിനാൽ സപ്ലൈകോ 27.48 രൂപ നൽകുന്ന നെല്ല് കർഷകർ 16 രൂപയ്ക്ക് സ്വകാര്യ മില്ലുകൾക്ക് വിൽക്കേണ്ട അവസ്ഥയാണ്. സ്വകാര്യ മില്ലുടമകളുമായി സപ്ലൈകോ നടത്തുന്ന മാരത്തോൺ ചർച്ച അവസാനിപ്പിച്ച് സഹകരിക്കാൻ തയ്യാറുള്ള മില്ലുകളെ ഉപയോഗപ്പെടുത്തി നിശ്ചയിച്ച പ്രകാരം ഒക്ടോബർ ഒന്നുമുതൽ സംഭരണം ആരംഭിക്കണം. സംഭരണത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ കൃഷിവകുപ്പ് സപ്ലൈകോയിൽ നിയമിക്കണം. പാഡി മാർക്കറ്റിങ് ഓഫീസർമാരുടെ ഒഴിവ് ഉടൻ നികത്തണം. സംഭരണം ആരംഭിക്കാറായിട്ടും ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ഉത്തരവൊന്നും വന്നിട്ടില്ല. ഇടവിട്ട് മഴ പെയ്യുന്നതിനാൽ കൊയ്തെടുക്കുന്ന നെല്ല് സൂക്ഷിക്കാൻ സാധിക്കാതെ കർഷകർ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തിൽ നെല്ല് സംഭരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി വിജയദാസ് എംഎൽഎ ആവശ്യപ്പെട്ടു.
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-30-09-2020/898206