പാലക്കാട്: ജില്ലയിൽ നാഫെഡിനുള്ള വിഎഫ്പിസികെ പച്ചത്തേങ്ങ സംഭരണം വൈകുന്നു. ജില്ലയിലെ സ്വാശ്രയ കര്‍ഷക സമിതികള്‍ മുഖേനയാണ് നാഫെഡിലേക്കും പച്ചത്തേങ്ങ സംഭരിക്കുക. പുതിയ രജിസ്‌ട്രേഷൻ പൂർത്തിയായാൽ മാത്രമേ സംഭരണം തുടങ്ങാനാകൂ. നിലവിൽ ഓരോ കമ്മിറ്റിയിലും മുന്നൂറോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ സമിതികളിൽ സൗകര്യമില്ലാത്തതിനാൽ അക്ഷയകേന്ദ്രം വഴിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. രജിസ്ട്രേഷൻ മന്ദഗതിയിലായതാണ് സംഭരണം തുടങ്ങാൻ വൈകുന്നത്. സംഭരണം തുടങ്ങാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് നിലവിലെ കണക്ക്.
വി.എഫ്.പി.സി.കെ നേതൃത്വത്തില്‍ 17 സ്വാശ്രയ കര്‍ഷക സമിതികള്‍ മുഖേനയാണ് സംഭരണം. നാഫെഡിന്റെ ‘ഇ-സമൃദ്ധി’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നാണ് തേങ്ങ സംഭരിക്കുക. തേങ്ങ കൊപ്രയാക്കാൻ നാഫെഡിനാണ് കൈമാറുക. സ്വാശ്രയ കര്‍ഷക സമിതികളിലൂടെയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 50 അപേക്ഷ വീതമാണ് സമിതികള്‍ അക്ഷയ കേന്ദ്രത്തിന് രജിസ്റ്റര്‍ ചെയ്യാൻ നല്‍കുന്നത്.
കിലോയ്ക്ക് 34 രൂപ
ഒരു വര്‍ഷം ഒരു തെങ്ങില്‍ നിന്ന് 70 തേങ്ങയാണ് സംഭരിക്കുക. എത്ര തെങ്ങ് ഉണ്ടെന്നത് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കൃഷിഭവനുകള്‍ മുഖേന കര്‍ഷകര്‍ക്ക് ലഭിക്കും. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് രജിസ്‌ട്രേഷൻ പൂര്‍ത്തീകരിക്കേണ്ടത്. നിലവില്‍ കിലോയ്ക്ക് 34 രൂപ നല്‍കിയാണ് സംഭരണം. പൊതുവിപണിയില്‍ 24.50 രൂപയാണ്. തേങ്ങ സംഭരിക്കുന്നതിനുള്ള കയറ്റിറക്ക് കൂലി സമിതികളാണ് വഹിക്കുന്നത്.
സംഭരണ കേന്ദ്രങ്ങള്‍
അഗളി, വിയക്കുറുശി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, വെള്ളിനേഴി, കരിമ്ബുഴ, കടമ്ബഴിപ്പുറം, വാണിയംകുളം, കോട്ടായി, പുതുപ്പരിയാരം, മലമ്ബുഴ, കിഴക്കഞ്ചേരി, അയിലൂര്‍ പാളിയമംഗലം, എലവഞ്ചേരി, പെരുമാട്ടി, വടകരപ്പതി, മൂച്ചാംകുണ്ട്.