പാലക്കാട്
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി അറ്റകുറ്റപ്പണിക്ക് രഥങ്ങളിറങ്ങി. പുതിയ കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഒരുക്കം തുടങ്ങി.
ദശകങ്ങളായി മരച്ചക്രത്തിൽ പ്രദക്ഷിണം വച്ച കുണ്ടമ്പലത്തിലെ രഥചക്രം 2015ൽ ഉരുക്കിൽ തീർത്തിരുന്നു. 2019ൽ നിർത്തിയിട്ട രഥങ്ങൾ രണ്ടുവർഷത്തിന് ശേഷമാണ് വെളിച്ചം കാണുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻവർഷം പൈതൃക ഉത്സവത്തിന് മാറ്റുകുറഞ്ഞിരുന്നു. ആചാരങ്ങളും ചടങ്ങുകളുമാക്കി പൊതുജനപങ്കാളിത്തം കുറച്ചു.
ഈ വർഷത്തെ രഥോത്സവം കോവിഡ് മാനദണ്ഡം പൂർണമായി പാലിച്ച് നടത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മലബാർ ദേവസ്വംബോർഡിന് അനുമതി നൽകി. എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടുംകൂടി ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാകും ഉത്സവം. തിരക്ക് കുറച്ച് കൽപ്പാത്തി രഥോത്സവം നടത്താൻ കർമ പദ്ധതി തയ്യാറാക്കണമെന്ന് 26ന് ചേർന്ന അവലോകനയോഗത്തിൽ കലക്ടർ നിർദേശിച്ചിരുന്നു. എട്ടിനാണ് കൊടിയേറ്റം.