മലമ്പുഴ: മുക്കൈ പുഴയുടെ കടുക്കാം കുന്നം നിലംപതി പാലത്തിനരികിലെ പുഴയിലെ മണൽ 2020 സെപ്തംബർ പതിനെട്ടിനടക്കമുള്ള ആഴ്ച്ചകളിൽ നൂറോളം തൊഴിലുറപ്പു പണിക്കാർ വാരി ഓരത്തിട്ടത് വീണ്ടും വന്ന മഴക്കാലങ്ങളിൽ പുഴയിലേക്കു തന്നെ ഒലിച്ചിറങ്ങുന്നു.കൂടാതെ മരിച്ചവർക്കു വേണ്ടിയുള്ള പൂജക്കും സായാഹ്ന സവാരിക്കു വരുന്നവരും ഈ മണലിലൂടെ നടക്കുമ്പോഴും മണൽ വീണ്ടും പുഴയിലേക്ക് ഇറങ്ങുന്നു. ഇതു മൂലം നഷ്ടപ്പെടുന്നത് 2020 സെപ്തബറിൽ ആഴ്ച്ചകളോളം പണിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകിയ കൂലിയിനത്തിലെ പണമാണ് . ഇത് വലിയൊരു അഴിമതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണൽ എടുത്ത് പുഴ വൃത്തിയാക്കുകയാണെങ്കിൽ മണൽ വിൽക്കുകയോ അല്ലെങ്കിൽ മണൽ ആവശ്യമുള്ള സർക്കാർ വകുപ്പൂ കളിലേക്ക് നൽകുകയോ ചെയ്യേണ്ടതല്ലേയെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇത്തരത്തിൽ കാനായോ കനാലോ വൃത്തിയാക്കിയാലും അവയിലെ മാലിന്യങ്ങൾ അവയുടെ ഓരത്തു തന്നെ കയറ്റിയിടുമ്പോൾ വീണ്ടും തിരിച്ചിറങ്ങും എന്ന ചിന്ത പോലും ഇല്ലാത്ത ഉദ്യോഗസ്ഥരാണോ ഇത്തരം പണികൾ ചെയ്യിക്കുന്നതെന്നും നാട്ടുകാർ ചോദിക്കുന്നു. ഇത്തരം പണികൾ നടത്തി കോടികളുടെ നഷ്ടമാണ് സർക്കാരിന് വരുത്തിവെക്കുന്നതെന്നും മേലിൽ ഇത്തരം പണികൾ നടത്താതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
ചിത്രം 1 – 2020 സെപ്തംബറിൽ തൊഴിലുറപ്പു തൊഴിലാളികൾ പുഴയിലെ മണൽ വാരി ഓരത്തിടുന്നു.
(ഫയൽ ചിത്രം)ചിത്രം 2 – ഓരത്തിട്ട മണൽ വീണ്ടും പുഴയിലേക്ക് ഇറങ്ങിയ നിലയിൽ
റിപ്പോർട്ടും ചിത്രങ്ങളും – ജോസ് ചാലയ്ക്കൽ