ആശ്രയ വീടുകളുടെ താക്കോല്‍ ദാനവും എം.സി.എഫ് നിര്‍മാണോദ്ഘാടനവും പി. ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും
ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച രണ്ടു വീടുകളുടെ താക്കോല്‍ ദാനം, 23 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എം സി എഫ് (മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രം) നിര്‍മാണോദ്ഘാടനം, ഒറ്റപ്പാലം ടൗണില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക്- കമ്മ്യൂണിറ്റി ടോയ്ലറ്റ് എന്നിവയുടെ ഉദ്ഘാടനം എന്നിവ സെപ്തംബര്‍ 30 ന് വൈകീട്ട് നാലിന് പി ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കുഞ്ഞന്‍ അധ്യക്ഷനാകും.
ഇതോടൊപ്പം പത്തു ലക്ഷം രൂപ ചിലവില്‍ നവീകരിച്ച മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ യു രാജഗോപാല്‍, ഡി എം പ്ലാന്‍ പ്രകാശനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ റെജികുമാര്‍, പൗരാവകാശരേഖ പ്രകാശനം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഗോപിനാഥന് എന്നിവര്‍ നിര്‍വഹിക്കും.
പരിപാടിയില്‍ അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ജി ലത, സെക്രട്ടറി എം. ഹരികൃഷ്ണന്, അസിസ്റ്റന്റ് സെക്രട്ടറി പി. ജി പ്രദീപ്, പഞ്ചായത്ത് അംഗങ്ങള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.