“പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ് അധികൃതർ റസ്റ്റോറന്റ് അടപ്പിച്ചു “
നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ സി എച്ച്.സി പബ്ളിക് ഹെൽത്ത് സ്ക്വാഡ് നെന്മാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി. പ്രദേശത്തെ ഹോട്ടലുകൾ, ബേക്കറികൾ , കൂൾബാറുകൾ, ടീഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും , കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങളും, പാനീയങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായും പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിച്ചിരുന്നതുമായ റസ്റ്റോറന്റ് അടപ്പിക്കുകയും, മറ്റ് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകുകയുംചെയ്തു.


വേലയോടനുബന്ധിച്ച് കടകളിൽ നിന്നും കൊടുക്കുന്ന ശീതളപാനീയങ്ങൾക്ക് മിനറൽ വാട്ടർ / RO വാട്ടർ തന്നെ ഉപയോഗിക്കണമെന്നത് നിർബന്ധമാക്കി. ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി നെന്മാറ-വല്ലങ്ങിവേല നടക്കുന്ന പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ്പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും, പൊതുസ്ഥലങ്ങളും , മാലിന്യങ്ങളുള്ള സ്ഥലങ്ങളിലും അണുനശീകരണം നടത്തുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധനയും, അണുനശീകരണവും തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജോബ് അറിയിച്ചു. പരിശോധനയ്ക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത്, അരവിന്ദ്, ഗിരീഷ്, സുമിനി ,ഷീജ എന്നിവർ നേതൃത്വം നൽകി.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)