കെട്ടിട നികുതി വർദ്ധനവ് പിൻവലിക്കണം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്
പട്ടാമ്പി: കെട്ടിട പെർമിറ്റ് ഫീസ്, കെട്ടിടനികുതി എന്നിവ ഭീമമായ രീതിയിൽ വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി പ്രമേയം പാസാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.സന്ധ്യ അധ്യക്ഷത വഹിച്ച ഭരണസമിതി യോഗത്തിൽ,
കർഷകരും, തൊഴിലാളികളും, സാധാരണ ജനങ്ങളും അധിവസിക്കുന്ന ചാലിശ്ശേരി പഞ്ചായത്തിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് വരുത്തിയിട്ടുള്ള ഈ ഫീസ് വർദ്ധനവ് സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം ഭാരിച്ചതാണെന്ന് പ്രതിപാദിച്ചുകൊണ്ട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ പ്രമേയം അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ പ്രമേയത്തെ പിന്താങ്ങി.
എട്ട് അംഗങ്ങൾ ഭരണപക്ഷത്തും, ഏഴ് അംഗങ്ങൾ പ്രതിപക്ഷത്തുമുള്ള പഞ്ചായത്ത് ഭരണസമിതിയിൽ, പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പോടു കൂടിയാണ് പ്രമേയം പാസാക്കിയത്.
കാലാനുസൃതമായി ചെറിയതോതിലുള്ള വർദ്ധനവ് ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണ യാതൊരു ദാക്ഷിണ്യവും ഇല്ലാത്ത രീതിയിലുള്ള സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലുള്ള വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന് ഭരണസമതി അംഗങ്ങൾ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.