വനംവകുപ്പിന്റെ സർവേക്കല്ലുകൾ നശിപ്പിച്ചു; മുണ്ടൂരിൽ രണ്ടുപേർ അറസ്റ്റിൽ
മുണ്ടൂർ: കൈയേറ്റം ഒഴിപ്പിച്ച് അതിർത്തി പുനർനിർണയം നടത്തി വനംവകുപ്പ് സ്ഥാപിച്ച സർവേക്കല്ലുകൾ നശിപ്പിച്ചതിന് മുണ്ടൂരിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. പാലക്കാട് പള്ളിപ്പുറം അക്ഷരനഗറിൽ തോട്ടക്കരവീട്ടിൽ ലൂക്കോസ് (73), മകൻ വിൻസന്റ് (42) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റുചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഒലവക്കോട് റേഞ്ചിൽ മുണ്ടൂർ സെക്ഷനിൽ മുണ്ടൂർ പഞ്ചായത്തിലെ പാലക്കീഴ് മലയടിവാരത്തിലാണ് ഇവർ രണ്ടരയേക്കർ വനഭൂമി കൈയേറിയതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞദിവസം വനംവകുപ്പ് വനഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തിനിശ്ചയിച്ച് സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. അതാണ് പ്രതികൾ പിഴുതുകളഞ്ഞത്. തുടർന്നാണ് ബുധനാഴ്ച വനംവകുപ്പ് നടപടിയെടുത്തത്. എ.ഡി.സി.എഫ്. ആയുഷ്കുമാർ ക്വാറി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ബി. അഖിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. സന്തോഷ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രഭാത്, ഷാനവാസ്, മനോജ്, ജോതിഷ്, നീതു, അശ്വതി, രമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.