സീറ്റ് അപര്യാപ്തതക്കെതിരെ പ്രതിഷേധ തെരുവ് നാടുകവുമായി ഫ്രറ്റേണിറ്റി
>നാടകം അവതരിപ്പിച്ചത് സീറ്റ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികൾ
പാലക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് സീറ്റുകൾ അനുവദിക്കണമെന്നും മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രതിഷേധ തെരുവ് നാടകം സംഘടിപ്പിച്ചു. ‘അനീതിയാണ് നിയമമെങ്കിൽ പോരാട്ടമാണ് പരിഹാരം’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ഷൊർണൂർ, പട്ടാമ്പി മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് തെരുവ് നാടകം സംഘടിപ്പിച്ചത്. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് പട്ടാമ്പി മണ്ഡലം കൺവീനർ മിർഷാദിനും ഷൊർണൂർ മണ്ഡലം പ്രസിഡന്റ് ഫയാസ് അസീമിനും പതാക കൈമാറി ജില്ല പ്രസിഡന്റ് സാബിർ തെരുവ് നാടക പര്യടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചെർപ്പുളശ്ശേരി മുൻസിപ്പൽ കൗൺസിലർ ഗഫൂർ സംസാരിച്ചു. തൃക്കടീരി, പേങ്ങാട്ടിരി, വല്ലപ്പുഴ, കൊപ്പം എന്നിവിടങ്ങളിലും നാടകം അവതരിപ്പിച്ചു. വൈകീട്ട് 5 മണിക്ക് പട്ടാമ്പിയിൽ പര്യടനം സമാപിച്ചു. നാടകാവതരണത്തിന് ശേഷം നടത്തിയ സമാപന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി സബീൽ ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം മൊയ്തീൻ കുട്ടി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
മതിയായ ബാച്ചുകൾ മാത്രം അനുവദിച്ച് പരിഹരിക്കാനാകുന്ന സീറ്റ് പ്രതിസന്ധി കേവലം സീറ്റ് വർധനകൊണ്ട് അവസാനിപ്പിക്കുമെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകളെ പരിഹസിച്ചും പ്രതിഷേധം സമന്വയിപ്പിച്ചുമാണ് നാടകം അവതരിപ്പിച്ചത്. സീറ്റ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾ അടക്കമുള്ളവരാണ് നാടകത്തിൽ അഭിനയിച്ചത്. വിവിധ കേന്ദ്രങ്ങളിൽ വെച്ച് തെരുവ് നാടക പര്യടനത്തിന് നൽകിയ സ്വീകരണങ്ങളിൽ
ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ആബിദ് വല്ലപ്പുഴ, സെക്രട്ടറിമാരായ തബ്ഷീർ ശർഖി, അമാന ചെർപ്പുളശ്ശേരി, വെൽഫെയർ പാർട്ടി നേതാക്കളായ മുബശ്ശിർ ശർഖി,മുജീബ് വല്ലപ്പുഴ,
റഷീദ് മാസ്റ്റർ, ഫ്രറ്റേണിറ്റി നേതാക്കളായ അമീന, സഹ്‌ല ഇ.പി, മുബാറക്ക് കൊപ്പം, ഷഹീൻ അഹ്സൻ, അശ്വതി ചെർപ്പുളശ്ശേരി, ഇർഫാൻ ആറ്റാശ്ശേരി, പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥിനി അൽഫ എന്നിവർ സംസാരിച്ചു.